ഇടുക്കി: ഇടതുപക്ഷം സമ്പൂർണ്ണമായി അവഗണിച്ച ഇടുക്കി ജില്ലയെ ചേർത്തുപിടിച്ച ബഡ്ജറ്റ് ആണ് മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ചതെന്ന് ഡീൻ കുര്യാക്കോസ് എം.പി. പട്ടയപ്രശ്‌നം പരിഹരിക്കൽ, ഇടുക്കി മെഡിക്കൽ കോളേജിന്റെ ശോച്യാവസ്ഥ പരിഹരിക്കൽ മലയോര കർഷക ക്ഷേമത്തിനുള്ള പദ്ധതികൾ, വന്യജീവി ആക്രമണങ്ങൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവ ബജറ്റിൽ ഇടം പിടിച്ചു. ഇടതുപക്ഷം പ്രഖ്യാപനത്തിൽമാത്രമൊതുക്കി വഞ്ചിച്ച ഇടുക്കി ജില്ലക്കുള്ള പ്രത്യേക പാക്കേജ് ഊർജ്ജിതമായി നടപ്പാക്കാൻ നടപടി കൈക്കൊള്ളുമെന്ന ബജറ്റ് പ്രഖ്യാപനം സ്വാഗതാർഹം. പ്രസ്‌തുത പാക്കേജിന്റെ കീഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനമാർഗ്ഗങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള വികസന പദ്ധതികൾ നടപ്പിലാക്കും. മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള പദ്ധതികൾക്കും പാക്കേജിൽ പ്രത്യേക ഊന്നൽ നൽകും.
മലയോര മേഖലയിൽ ബഹുവിള കൃഷി രീതി പ്രോത്സാഹിപ്പിക്കുമെന്ന പ്രഖ്യാപനവും ഇതിനായി ആവശ്യമായ നിയമ നിർമ്മാണം നടത്തുമെന്നതും ജില്ലയ്ക്ക് നേട്ടമാകും. മലയോര മേഖലയിൽ പട്ടയവിതരണത്തിന് തടസ്സമായിട്ടുള്ള എല്ലാ പ്രശ്‌നങ്ങൾക്കും സമയബന്ധിതമായി പരിഹാരം കാണുന്നതിനുള്ള നടപടികൾ, സുപ്രീം കോടതിയിലെ സി.എച്ച്.ആർ. കേസ്, 1964 റൂൾ, പട്ടയവിതരണവുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ കേസ് എന്നീ വിഷയങ്ങളിൽ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നുമുള്ള നടപടികൾ വേഗത്തിലാക്കൽ , കർഷക താല്പര്യം സംരക്ഷിച്ച് പട്ടയ വിതരണം പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കൽ എന്നീ നടപടികൾ സ്വാഗതാർഹമാണ്. ഏലം പട്ടയ ഭൂമിയിൽ നിർമ്മാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകാൻ പാടില്ലെന്ന സർക്കാർ ഉത്തരവ് നിയമവിധേയമായി പുനഃപരിശോധിക്കും. പട്ടയഭൂമിയിൽ ഉപാധിരഹിതമായി നിലവിലുള്ള നിർമ്മാണങ്ങൾ ക്രമവൽക്കരിച്ച് നൽകും. മൂന്നാർ ഉൾപ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പുതിയ ‘ഗ്രീൻ മാർഷൽസ്’ പദ്ധതി ആരംഭിക്കും. ഈ പദ്ധതിയുടെ ഭാഗമായി സ്ത്രീകളെ ഗ്രീൻ മാർഷൽമാരായി പരിശീലിപ്പിക്കുകയും വിന്യസിക്കുകയും ചെയ്ത് ശുചിത്വം, ഉത്തരവാദിത്തപരമായ സന്ദർശക പെരുമാറ്റം, പരിസ്ഥിതി അവബോധം എന്നിവ പ്രോത്സാഹിപ്പിക്കും.
റബറിന്റെ വിലയിടിവിൽ നിന്നും റബർ കർഷകരെ സഹായിക്കാനായി റബറിന്റെ താങ്ങുവില 250 രൂപയായി വർദ്ധിപ്പിക്കുന്നതും കാർഷികോൽപ്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കാനുള്ള നടപടികളും ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും നേട്ടമാണ്. കാർഷിക കടാശ്വാസ കമ്മീഷന്റെ പ്രവർത്തനം കാര്യക്ഷമമാക്കാനും കമ്മീഷൻ അവാർഡ് പ്രഖ്യാപിച്ച കർഷകരുടെ പ്രമാണങ്ങൾ തിരിച്ചു നൽകാനുമുള്ള നടപടികൾ ഗുണകരമാകുമെന്നും എം.പി പറഞ്ഞു.
