VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

പുതിയ സൈബർ കെണി; പോലീസ് മുന്നറിയിപ്പ് നൽകി

തിരുവനന്തപുരം: പ്രമുഖ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ഉന്നത ഉദ്യോഗസ്ഥരെയും ധനകാര്യ വിഭാഗം ജീവനക്കാരെയും ലക്ഷ്യമിട്ട് ‘ബോസ് സ്‌കാം’ (സിഇഒ ഇംപേഴ്സണേഷൻ ഫ്രോഡ്) എന്ന പേരിലെ പുതിയ സൈബർ തട്ടിപ്പ് വ്യാപകമാകുന്നു. സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളുടെ നിയന്ത്രണം കൈക്കലാക്കി തട്ടിപ്പ് നടത്തുന്നതാണ് സൈബർ കുറ്റവാളികളുടെ പുതിയ രീതി. ഇത്തരം സൈബർ തട്ടിപ്പിനെതിരേ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ആർബിഐയുടേയോ ഔദ്യോഗിക ഓഡിറ്റ് ടീമുകളുടെ പേരിൽ വ്യാജ അടിയന്തര സന്ദേശങ്ങൾ അയച്ച് ഉദ്യോഗസ്ഥരിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും തുടർന്ന് മാൽവെയർ അടങ്ങിയ ഫയലുകൾ ഉപയോഗിച്ച് സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളുടെ നിയന്ത്രണം കൈക്കലാക്കിയുമാണ് കുറ്റവാളികൾ തട്ടിപ്പിന് നടത്തുന്നത്. കൂടാതെ സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരുടെ വ്യാജപ്രൊഫൈലുകൾ നിർമിക്കുകയോ അവരുടെ അക്കൗണ്ടുകൾ കൈക്കലാക്കുകയോ ചെയ്യുന്നു.

കംപ്യൂട്ടറുകളുടെ നിയന്ത്രണം ലഭിക്കുന്നതോടെ ജീവനക്കാരുടെ വാട്സാപ്പ് വെബ് സംവിധാനം ഉപയോഗിച്ച് സിഇഒമാരുടെ പേരിൽ വ്യാജ സന്ദേശങ്ങൾ അയയ്ക്കുന്നു. ഇത്തരം സന്ദേശങ്ങളിലൂടെ സ്ഥാപനത്തിൻറെ പണം തട്ടിയെടുക്കുന്നതാണ് രീതി. വാട്സാപ്പ്, ഇ-മെയ്ൽ സന്ദേശങ്ങൾ മാത്രം വിശ്വസിച്ച് പണമിടപാടുകൾ നടത്തരുത്.

വലിയ തുകകൾ കൈമാറുന്നതിന് മുൻപ് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് ഉറപ്പുവരുത്തേണ്ടതാണ്. അപരിചിതരിൽ നിന്ന് ലഭിക്കുന്ന സിപ്, ഇഎക്സ്ഇ, ഡിഎൽഎൽ ഫയലുകൾ യാതൊരു കാരണവശാലും തുറക്കരുത്. സുരക്ഷ ഉറപ്പാക്കാൻ വാട്സാപ്പിലെ ‘ലിങ്ക്ഡ് ഡിവൈസസ്’ ഏതൊക്കെയാണെന്ന് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക. കൂടാതെ സാമ്പത്തിക ഇടപാടുകൾക്കായി ഒന്നിലധികം പേരുടെ അനുമതി ആവശ്യമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുക. സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന ഹെൽപ്പ്‌ലൈൻ നമ്പരിലോ, www.cybercrime.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലോ പരാതി രജിസ്റ്റർ ചെയ്യുക.

Leave a Comment

Your email address will not be published. Required fields are marked *