തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ വ്യവസായ പദ്ധതികൾക്കായി കിഫ്ബി വഴി 4,896 ഏക്കർ ഭൂമി ഏറ്റെടുത്തതിൽ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) രൂപീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിലായിരിക്കും എസ്ഐടി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. അന്വേഷണസംഘം രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന.ആരോപണങ്ങളിൽ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രാഥമിക അന്വേഷണം നടത്തും. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ വീഴ്ചകൾ വിശദമായി അന്വേഷിക്കാൻ വിജിലൻസിനെ ചുമതലപ്പെടുത്തി വെള്ളിയാഴ്ച സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്ഐടി രൂപീകരിക്കാനുള്ള തീരുമാനം.
