ന്യൂഡൽഹി: ഇന്ത്യാ സഖ്യം നവംബർ ഒന്നിന് രാംലീല മൈതാനിയിൽ സംഘടിപ്പിക്കുന്ന റാലിയോടനുബന്ധിച്ച് ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. നഗരത്തിലെ പ്രധാന ജങ്ഷനുകളിൽ ആവശ്യാനുസരണം ഗതാഗതം തിരിച്ചുവിടുമെന്ന് ഡൽഹി ട്രാഫിക് പൊലീസ് അറിയിച്ചു.നേതാജി സുഭാഷ് മാർഗ് ടി-പോയിന്‍റ്, രാജ്ഘട്ട്, ഡൽഹി ഗേറ്റ്, ഐടിഒ എ-പോയിന്‍റ്, അജ്മീരി ഗേറ്റ് റെഡ് ലൈറ്റ്, രഞ്ജിത് സിങ് ഫ്ലൈഓവർ, ഝണ്ഡേവാലൻ റൗണ്ട്എബൗട്ട്, തുർക്ക്മാൻ ഗേറ്റ്, മിർദാർഡ് ചൗക്ക് എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണങ്ങളുണ്ടാകും.
ഐടിഒ മുതൽ ഡൽഹി ഗേറ്റ് വരെയുള്ള ബഹാദൂർ ഷാ സഫർ മാർഗ്, രാജ്ഘട്ട് മുതൽ അജ്മീരി ഗേറ്റ് വരെയുള്ള ജവഹർലാൽ നെഹ്റു മാർഗ്, അരുണ ആസഫ് അലി റോഡ്, മിന്‍റോ റോഡ്, ദേശ്ബന്ധു ഗുപ്ത റോഡ്, ബാരക്കംബ റോഡ് എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
