VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

കൊച്ചി: ശബരിമല സ്വർണപ്പാളി കാണാതായ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് ദേവസ്വം വിജിലൻസ്. ചീഫ് വിജിലൻസ് ആൻറ് സെക്യൂരിറ്റി ഓഫിസർ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി മുദ്രവച്ച് കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ട് വെള്ളിയാഴ്ച തന്നെ സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കോടതി കൈമാറും. മൂന്നുപേരടങ്ങി‍യ പ്രത്യേക അന്വേഷണ സംഘം വെള്ളിയാഴ്ച ദേവസ്വം ബോർഡിന് മുന്നിൽ ഹാജരാവും. ശബരിമല ദേവസ്വം കമ്മിഷണറെ അിയിക്കാതെ ഹൈക്കോടതി അനുമതിയില്ലാതെയാണ് ദ്വാരപാലക ശിൽപത്തിൻറെ സ്വർണപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയതെന്ന കണ്ടെത്തലിൻറെ അടിസ്ഥാനത്തിലാണ് കോടതിക്ക് മുൻപാകെ വിഷയം എത്തുന്നത്. പിന്നാലെ സംഭവം വിശദമായി പരിശോധിച്ച കോടതി കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കുകയായിരുന്നു. അതേസമയം, സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിൽ സ്വർണം പൂശാനെത്തിച്ചത് പുതിയ ചെമ്പുപാളികളാണെന്ന് സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി വിജിലൻസിന് മോഴി നൽകിയിട്ടുണ്ട്.

ചെമ്പുപാളികൾക്ക് കാലപ്പഴക്കമുണ്ടായിരുന്നില്ലെന്നും സ്വർണം പൊതിഞ്ഞവയായിരുന്നില്ല അതെന്നുമാണ് മൊഴി. ഇതോടെ സ്വർണം പൊതിഞ്ഞ ദ്വാരപാലക ശിൽപ്പ പാളികൾ ഉണ്ണികൃഷ്ണൻ പോറ്റി വിറ്റിരിക്കാമെന്നാണ് ദേവസ്വം വിജിലൻസിൻറെ വിലയിരുത്തൽ. 2018ലാണ് ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിൻറെ വാതിൽപ്പടിയുടെ സ്വർണത്തിന് തിളക്കം കുറഞ്ഞെന്ന് കണ്ടെത്തുന്നതും അറ്റകുറ്റപ്പണിക്ക് തീരുമാനിക്കുന്നതും. ഇതോടെ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി അവതരിക്കുകയും ചെന്നൈയിലേക്ക് സ്വർണപ്പാളി കൊണ്ടുപോകുകയും ചെയ്തു. എന്നാൽ ആന്ധ്രാപ്രദേശിലുള്ള അയ്യപ്പ ഭക്തരിൽ നിന്നും പണം പിരിച്ച് വാതിൽപ്പടി നിർമിക്കുകയും ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിൽ വച്ച് സ്വർണം പൂശുകയായിരുന്നുവെന്നാണ് സൂചന.

പിന്നീട് പോറ്റി ശിൽപ്പം പ്രദർശന വസ്തുവാക്കി പണം പിരിച്ചെന്നുമാണ് പുറത്തു വരുന്ന വിവരം. നെയ്യഭിഷേകത്തിൻറെ പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി ലക്ഷക്കണക്കിന് രൂപ പിരിച്ചതായി നേരത്തെ വിജിലൻസ് കണ്ടെത്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *