VBC NEWS THODUPUZHA

ഹിജാബ് വിവാദത്തെ തുടർന്ന് പള്ളുരുത്തി സെൻറ് റീത്താസ് സ്കൂളിൽ നിന്നു രണ്ട് കുട്ടികൾ കൂടി മാറുന്നു

കൊച്ചി: ഹിജാബ് വിവാദത്തിനു പിന്നാലെ കൊച്ചി പള്ളുരുത്തി സെൻറ് റീത്താസ് പബ്ലിക് സ്കൂളിൽ നിന്ന് രണ്ട് വിദ്യാർഥികൾ കൂടി പഠനം നിർത്തി പോകുന്നു. സ്കൂളിലെ രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന വിദ്യാർഥികളാണ് മറ്റൊരു സ്കൂളിലേക്കു മാറുന്നത്. ഇതിനായി സെൻറ് റീത്താസ് സ്കൂളിൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന്(റ്റി.സി) രക്ഷിതാവ് അപേക്ഷ നൽകി. തോപ്പുംപടിയിലുള്ള ഔവർ ലേഡീസ് കോൺവെൻറ് സ്കൂളിലേക്കാണ് കുട്ടികളെ മാറ്റുന്നത്.

ഹിജാബ് വിവാദത്തിനിരയായ സെൻറ് റീത്താസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിക്കു പിന്തുണ പ്രഖ്യാപിച്ചാണ് ഈ മാറ്റം. ശിരോവസ്ത്ര വിവാദത്തിൽ സ്കൂൾ മാനെജ്മെൻറും പിടിഎ പ്രസിഡൻറും സ്വീകരിച്ച നിലപാട് വേദനിപ്പിച്ചുവെന്ന് സ്കൂൾ മാറ്റത്തിന് അപേക്ഷ നൽകിയ കുട്ടികളുടെ അമ്മ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കുട്ടികളുടെ സ്കൂൾ മാറ്റുന്ന തീരുമാനവും അറിയിച്ചിരിക്കുന്നത്. ഹിജാബ് ധരിച്ചെത്തുന്ന കുട്ടിയെ കാണുന്നത് മറ്റുള്ളവരിൽ ഭയം സൃഷ്ടിക്കുമെന്ന പ്രസ്താവന വിശ്വാസത്തെയും സംസ്കാരത്തെയും അപമാനിക്കുന്നതാണെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

പള്ളുരുത്തി സെൻറ് റീത്താസ് സ്കൂളിൽ പഠിക്കുന്ന രണ്ടു കുട്ടികളുടെ രക്ഷിതാവാണ് താനെന്നും ഹിജാബ് ധരിച്ചതിൻറെ പേരിൽ ഒരു പെൺകുട്ടിയോട് സ്കൂൾ പ്രിൻസിപ്പലും പിടിഎ പ്രസിഡൻറും സ്വീകരിച്ച സമീപനം ഭയപ്പെടുത്തിയെന്നും താൻ ഹിജാബ് ധരിക്കുന്ന വ്യക്തിയാണെന്നും അവർ പറയുന്നു. അടുത്ത പ്രവൃത്തി ദിവസമായ ചൊവ്വാഴ്ച ടിസി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഔവർ ലേഡീസ് കോൺവെൻറ് സ്കൂളിലെ അധ്യാപികയായ കന്യാസ്ത്രീ വിളിച്ചിരുന്നുവെന്നും, എല്ലാ വിശ്വാസങ്ങളെയും ഉൾക്കൊള്ളുന്ന കാഴ്ചപ്പാടാണ് സ്കൂളിനുള്ളതെന്നും, മക്കൾക്ക് അവിടെ ഒരു പ്രയാസവും ഉണ്ടാകില്ലെന്ന് അവർ ഉറപ്പ് നൽകിയതായും രക്ഷിതാവ്.

Leave a Comment

Your email address will not be published. Required fields are marked *