ഇടുക്കി: പനംകുട്ടിയിലും പകുതിപ്പാലത്തും പരിസരപ്രദേശങ്ങളിലും ഉള്ള വീടുകളിൽ കൂടി മോഷ്ടാവെന്ന് സംശയിക്കുന്ന അപരിചിതനായ ഒരാൾ അലഞ്ഞുതിരിഞ്ഞു നടക്കുന്നുവെന്ന പരാതി ലഭിച്ചതിനെ തുടർന്ന് എസ് ഐ താജുദ്ദീനും പിആർഒ അജിത് കുമാറും എസ്.സി.പി.ഒ ഷെരീഫ് പി.എയും കൂടി സംഭവം സ്ഥലത്തേക്ക് പുറപ്പെട്ടു.. അവിടെ എത്തിക്കഴിഞ്ഞപ്പോൾ അങ്ങനെ ഒരാളെ കാണാൻ കഴിഞ്ഞില്ല…

സമീപപ്രദേശങ്ങളിലും വഴിയിലൂടെ വന്ന വാഹനങ്ങളിലും ചോദിച്ചപ്പോൾ ഒരാൾ പനംകുട്ടിയിൽ നിന്നും നേര്യമംഗലം റൂട്ടിലേക്ക് വിജനമായ റോഡിലൂടെ നടന്നു പോകുന്നതായി പറഞ്ഞു. സ്റ്റേഷൻ പരിധി കഴിഞ്ഞെങ്കിലും അയാളെ കണ്ടെത്താനും ആരാണെന്നറിയുന്നതിനും വേണ്ടി അന്വേഷണം തുടർന്നു. അങ്ങനെ പാംബ്ള ഡാമിനടുത്ത് എത്തിയപ്പോൾ ഒരു ചാക്ക് പുറത്ത് തൂക്കി മുഷിഞ്ഞ വേഷം ധരിച്ച് ഒരാൾ വേച്ച് വേച്ച് നടന്ന് നീങ്ങുന്നത് കണ്ടു, അയാളോട് കാര്യങ്ങൾ തിരക്കിയപ്പോൾ പേര് ബറൻ മറാണ്ടി…ജാർഖണ്ഡ് സ്വദേശി ആണെന്നും, ഒരു മാസം മുമ്പ് കേരളത്തിലേക്ക് തന്റെ ഭാര്യ കുഞ്ഞുമക്കളോടൊപ്പം ഏലക്ക നുള്ളുന്നതിനായി ജോലിക്ക് വന്നിട്ടുണ്ടെന്നും, താൻ അവരുടെ അടുത്തേക്ക് വന്നതാണെന്നും പറഞ്ഞു.. രണ്ട് ദിവസം മുമ്പ് എറണാകുളത്ത് ട്രെയിൻ ഇറങ്ങി കോൺട്രാക്ടറോടൊപ്പം വന്നതാണെന്നും പിന്നീട് എപ്പോഴോ അയാളെ മിസ്സായെന്നും, അങ്ങനെ ഈ വനമേഖലയിൽ വന്ന് ബസിറങ്ങിയതാണെന്നും പറഞ്ഞു..
കൈയ്യിൽ ഫോണുമില്ല, മറ്റ് ഭാഷകളും അറിയില്ലാ… എസ്.ഐ താജുദ്ധീൻ ഇക്കാര്യങ്ങളെല്ലാം ഹിന്ദിയിൽ ചോദിച്ചു മനസ്സിലാക്കി… അങ്ങനെ രണ്ട് ദിവസമായി അഞ്ചാറ് കിലോമീറ്റർ ദൂരത്തിൽ കോൺട്രാക്ടറെയും തന്റെ കുടുംബത്തേയും അന്വേഷിച്ച് നടന്നതാണെന്നും പറഞ്ഞു.. പക്ഷേ മോഷ്ടാവാണെന്ന് കരുതി എല്ലാവരും അകറ്റി നിർത്തി… ഭാഷയും അറിയില്ല…
കുടുംബത്തെയും കണ്ടെത്താനായില്ല…. ഭക്ഷണം കഴിച്ചിട്ട് 2 ദിവസമായതിനാൽ സ്വബോധം നഷ്ടപ്പെട്ട അവസ്ഥയിലുമായിരുന്നു.. ഉടനേ പാംബ്ള ഡാമിലെ ഗാർഡ് ഡ്യൂട്ടിയിലുള്ള പോലീസുകാർ അവർക്കായി കരുതിയ ഭക്ഷണം അയാൾക്ക് നൽകി.. അയാൾക്ക് പോകാനുള്ള സ്ഥലത്തെ ഫോൺ നമ്പർ ഒരു പേപ്പറിൽ എഴുതിയിട്ടിരുന്ന ലഗേജ് വഴിയിൽ എവിടെയോ ആളുകൾ പറഞ്ഞു വിട്ടപ്പോൾ നഷ്ടപ്പെട്ടിരുന്നു… പിന്നീട് അത് കണ്ടെടുത്തു… ഒരു ചെറിയ ചാക്ക്.. അതിൽ കുഞ്ഞിനുള്ള ഉടുപ്പ്, ഭാര്യക്കുള്ള ചുരിദാർ, കുറച്ച് വസ്ത്രങ്ങളും കുഞ്ഞിന്റെ ആധാർ കാർഡ്, ഒരു പേപ്പറിൽ എഴുതിയ ഫോൺ നമ്പറും ഉണ്ടായിരുന്നു…
ഉടനേ ഫോൺ നമ്പറിൽ ബന്ധപ്പെട്ടു… ജാർഖണ്ഡ് സ്വദേശികൾ തന്നെയാണ് ഫോണെടുത്തത്… ഒന്നും മനസ്സിലാകാത്തതിനാൽ മലയാളികളാരെങ്കിലുമുണ്ടെങ്കിൽ ഫോൺ കൊടുക്കാൻ പറഞ്ഞു… അങ്ങനെ സംസാരിച്ചപ്പോൾ അണക്കരയിലുള്ള ഒരു സ്ഥാപനമാണെന്നും അവിടെ ഏലക്ക പണിക്ക് വന്ന ആളാണെന്നും അവരുടെ കുടെയുള്ള ഒരാളുടെ ഭർത്താവിനെ മിസ്സായിട്ടുണ്ടെന്നും പറഞ്ഞു… പിന്നീട് ഒരു KSRTC ബസ്സിൽ കാര്യങ്ങൾ കണ്ടക്ടറെ പറഞ്ഞ് മനസ്സിലാക്കി ബറൻ മറാണ്ടിയെ കയറ്റി അണക്കരക്ക് വിട്ടു…
ബറൻ മറാണ്ടി ഇപ്പോൾ കുടുംബത്തോടൊപ്പം അണക്കരയിലെ നന്ദീശ ആശ്രമത്തിലെ തോട്ടത്തിൽ പണിയെടുത്ത് സന്തോഷവാനായി ജീവിക്കുന്നു. ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ നഷ്ടമായേക്കാവുന്ന ജീവനുകളും കുടംബങ്ങളുമാണോരോന്നുമെന്ന് ഓർമ്മിക്കുകയാണ് ഈ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ.
