തൊടുപുഴ: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനസ്’ ക്യാമ്പയിനിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പ് സംഘടിപ്പിക്കുന്ന ജില്ലാതല പ്രവർത്തനങ്ങൾക്ക് തുടക്കമായി. തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം മനോജ് കോക്കാട് ഉദ്ഘാടനം നിർവഹിച്ചു.
ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആധുനിക കാലത്തെ ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി പൊതുജനങ്ങളെ പ്രാപ്തരാക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. ഇതിനായി പ്രധാനമായും ആരോഗ്യകരമായ ഭക്ഷണരീതി, കൃത്യമായ വ്യായാമം, എട്ട് മണിക്കൂർ ഉറക്കത്തിലൂടെ പ്രതിരോധശേഷിയും മാനസികാരോഗ്യവും വർദ്ധിപ്പിക്കൽ, കൃത്യമായ ഇടവേളകളിലുള്ള ആരോഗ്യ പരിശോധന എന്നിങ്ങനെ നാല് കാര്യങ്ങളിലാണ് ഊന്നൽ നൽകുന്നത്.
പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 407 യോഗ ക്ലബ്ബുകൾ വഴി യോഗ ഡെമോൺസ്ട്രേഷൻ, ഫുഡ് എക്സ്പോകൾ, ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കും. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ (ഇൻ ചാർജ്) ഡോ. പി.ആർ. സലിം അധ്യക്ഷത വഹിച്ച യോഗത്തിൽ തൊടുപുഴ നഗരസഭ വാർഡ് കൗൺസിലർ ഷാഹുൽ ഹമീദ്, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശ്രീദർശൻ കെ.എസ്., ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഷീജ യു.ബി., ജില്ലാ കോർഡിനേറ്റർ ഡോ. ജിൽസൺ വി. ജോർജ് എന്നിവർ സംസാരിച്ചു.
