മുവാറ്റുപുഴ: അനധികൃതമായി നിര്‍മ്മിച്ച് അഗ്നിശമന, സുരക്ഷാ സംവിധാനങ്ങളില്ലാതെ വാടകയ്ക്കു നല്‍കുന്ന ഓഡിറ്റോറിയത്തില്‍ നഗരസഭാ ഭരണ സമിതിയംഗങ്ങള്‍ക്ക് വരവേല്‍പ്പു നല്‍കാന്‍ തയ്യാറെടുപ്പ്. ജനുവരി 20 നു വൈകിട്ട് 5 ന് ജനപ്രതിനിധികള്‍ക്കു സ്വീകരണം നല്‍കുന്ന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഹാള്‍ നിയമം ലംഘിച്ചാണു പ്രവര്‍ത്തിക്കുന്നതെന്ന വസ്തുത വിവരാവകാശ നിയമ രേഖയിലൂടെ പുറത്തുവന്നിരുന്നു.


മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്വീകരണത്തിന്റെ വേദി അനധികൃതമാണെന്നറിഞ്ഞിട്ടില്ല ജനപ്രതിനിധികള്‍ എന്നാണു സൂചന. ഇവിടെ ഓഡിറ്റോറിയം നിര്‍മ്മിക്കാന്‍ അപേക്ഷ കിട്ടിയിട്ടില്ലെന്നും അനുമതി നല്‍കിയിട്ടില്ലെന്നും പ്രവര്‍ത്തന രേഖ ഹാജരാക്കിയിട്ടില്ലെന്നും നഗരസഭാ എന്‍ജിനീയറിംഗ് വിഭാഗവും ആരോഗ്യ വിഭാഗവും വിവരാവകാശ നിയമ പ്രകാരം ലഭിച്ച അപേക്ഷയ്ക്കുള്ള മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ കെട്ടിടത്തിനല്ലാതെ ഓഡിറ്റോറിയത്തിന്റെ പേരില്‍ നികുതി ലഭിച്ചിട്ടില്ലെന്നും നഗരസഭാ പബ്‌ളിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു.

അഗ്നിബാധ ഉള്‍പ്പെടെയുള്ള അത്യാഹിതങ്ങള്‍ പ്രതിരോധിക്കാനോ നേരിടാനോ ഉള്ള നിയമാനുസൃത സംവിധാനങ്ങള്‍ ഓഡിറ്റോറിയത്തിനില്ലെന്നു വ്യക്തമാക്കുന്ന മറുപടിയാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പിന്റെ പബ്‌ളിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസറില്‍ നിന്നു ലഭിച്ചിട്ടുള്ളത്. ഓഡിറ്റോറിയം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള അപേക്ഷ കിട്ടിയിട്ടില്ലെന്നും ‘പ്രാഥമിക അഗ്നിശമന ഉപാധികള്‍ മാത്രം’ സ്ഥാപിച്ചിട്ടുള്ളതായാണ് പരിശോധനയില്‍ കണ്ടതെന്നും മറുപടിയില്‍ പറയുന്നു.
