രാജാക്കാട്: ഗവ. ഐ.റ്റി.ഐ സ്ഥിതി ചെയ്യുന്ന കൊച്ചുമുല്ലക്കാനം റോഡിലൂടെ രണ്ട് വർഷമായി മുടങ്ങി കിടക്കുന്ന ബസ് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യവുമായി ഐ.റ്റി.ഐ വിദ്യാർത്ഥികൾ. രാജാക്കാട് – കൊച്ചുമുല്ലക്കാനം – കുഞ്ചിത്തണ്ണി റോഡിന്റെ അറ്റകുറ്റപ്പണികൾ രണ്ടര വർഷമായി നടന്നു വരികയാണ്. ഈ റൂട്ടിൽ അടിയന്തരമായി പൊതുഗതാഗതം പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് ഐടിഐ വിദ്യാർത്ഥികൾ മുല്ലക്കാനം ജംഗ്ഷനിൽ റോഡ് ഉപരോധിച്ചു.
രാജാക്കാട് ബസ് സ്റ്റാൻഡിൽ നിന്നും നാല് കിലോമീറ്റർ അകലെ കൊച്ചുമുല്ലക്കാനത്ത് സ്ഥിതിചെയ്യുന്ന രാജാക്കാട് ഗവൺമെന്റ് ഐടിഐ യിലെ വിദ്യാർത്ഥികളാണ് റോഡ് ഉപരോധ സമരവുമായി മുന്നിട്ടിറങ്ങിയത്. ഏകദേശം രണ്ടര വർഷകാലമായി ഐടിഐയുടെ സമീപത്തുകൂടിയുള്ള റോഡിന്റെ അറ്റകുറ്റ പണികൾ നടന്നു വരികയാണ്.ഐടിഐ വിദ്യാർത്ഥികൾ രണ്ട് മുതൽ നാല് കിലോമീറ്റർ വരെ നടന്നാണ് ഇപ്പോൾ സ്ഥാപനത്തിൽ എത്തിച്ചേരുന്നത്.
അതുകൊണ്ട് കുട്ടികൾക്ക് കൃത്യസമയത്ത് കോളേജിൽ എത്തിച്ചേരുവാൻ സാധിക്കുന്നില്ല. റോഡിന്റെ പണി മുല്ലക്കാനത്ത് നിന്നും ഐടിഐ ജംഗ്ഷൻ വരെ ഏകദേശം പൂർത്തിയായിട്ടുണ്ട്.ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും നാട്ടുകാരുടെയും ആവശ്യം പരിഗണിച്ച് ഐ.റ്റി.ഐ ജംഗ്ഷൻ വരെ ബസ് വന്നുപോകുന്ന തരത്തിൽ യാത്രാസൗകര്യം ക്രമീകരിക്കണമെന്ന് ഉത്തരവാദിത്തപ്പെട്ടവരോട് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.
പൊതുഗതാഗത സംവിധാനം നിലവിലില്ലാത്തത് മൂലം വിദ്യാർത്ഥികളും ജീവനക്കാരും നാട്ടുകാരും വളരെയേറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചുവരികയാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ഐടിഐ അഡ്മിഷനെയും യാത്ര സൗകര്യം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 100% അഡ്മിഷൻ നടന്നിരുന്ന സ്ഥാപനത്തിൽ ഇപ്പോൾ മൂന്നിലൊന്ന് സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്.
അതിനാൽ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും കുറഞ്ഞപക്ഷം രാവിലെ എട്ടു മുതൽ പത്തര വരെയും വൈകുന്നേരവും മൂന്നു മുതൽ അഞ്ചര വരെയും ഉള്ള ബസ്സുകൾ എങ്കിലും ഐ.റ്റി.ഐ ജംഗ്ഷനിൽ വന്ന് തിരിച്ചു പോകുന്ന തരത്തിൽ ഗതാഗതം ക്രമീകരിക്കുന്നതിനായി ഇടപെടണമെന്നുമാണ് ഐ.റ്റി.ഐ വിദ്യാർത്ഥികളുടെ ആവശ്യം. ഉപരോധസമരം എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് അഡ്വ. ഡെൽവിൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് സെക്രട്ടറി റോഷൻ റോയ്, പ്രസിഡന്റ് ജെ ശരവണൻ എന്നിവർ പ്രസംഗിച്ചു.
