തൊടുപുഴ: അടുത്ത നാളിൽ ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട പി.പി സാനുവിന് ഒരു ഫോൺ കോളിലൂടെ സ്ഥാനം നഷ്ടമായി. തിങ്കളാഴ്ച്ച വൈകുന്നേരം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷാണ് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്നതായി ടെലിഫോണിലൂടെ സാനുവിനെ അറിയിച്ചത്. യാതൊരു നപടിക്രമങ്ങളും പൂർത്തിയാക്കാതെ ജനാധിപത്യ വിരുദ്ധമായ തീരുമാനം പ്രതീക്ഷിച്ചതല്ലെന്ന് സാനു പറഞ്ഞു.
സംഘടനയ്ക്കുള്ളിൽ കാര്യങ്ങൾ ചർച്ച ചെയ്യുകയോ സംഘടനാ രീതികൾ പാലിക്കുകയോ ചെയ്യാത്തതാണ് തീരുമാനം. ഇത് സംബന്ധിച്ച് സംഘടനയ്ക്കുള്ളിൽ സത്യസന്ധമായ വിലയിരുത്തലിന് തയ്യാറായില്ലെങ്കിൽ ഇക്കാര്യങ്ങൾ പുറത്തു പറയുവാൻ ബാധ്യസ്ഥനാകുന്ന സാഹചര്യമാണ്. എളിയ രീതിയിലുള്ള പൊതുപ്രവർത്തനം നടത്തുന്ന സാനുവിനെ സ്ഥാനഭൃഷ്ടനാക്കിയത് ബി.ജെ.പിയിലെ ഒരു വിഭാഗത്തിൻ്റെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മുമ്പ് ഇടുക്കി ജില്ലാ പ്രസിഡൻ്റായി പ്രവർത്തിച്ച പി.പി സാനുവിന് പൊതുപ്രവർത്തനം നടത്തിയതു വഴി വീടും സ്ഥലവും വിൽക്കേണ്ട സാഹചര്യവുമുണ്ടായി. ജില്ലാ പ്രസിഡൻ്റായി പ്രവർത്തിച്ച് കിടപ്പാടം വിറ്റ ഒരു ജില്ലാ പ്രസിഡന്റും കേരളത്തിൽ ഉണ്ടാകില്ല.
സത്യസന്ധമായ പൊതുപ്രവർത്തനം നടത്തിയ ഒരാളെ ടെലിഫോണിലൂടെ സ്ഥാനഭൃഷ്ടനാക്കിയത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അഡ്വക്കേറ്റ് ശ്രീവിദ്യ രാജേഷാണ് ബി.ജെ.പി ഇടുക്കി നോർത്തിൻ്റെ പുതിയ ജില്ലാ പ്രസിഡൻ്റ്. കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പിൽ 32ആം വാർഡിൽ മത്സരിച്ചെങ്കിലും ഇവിടെ കോൺഗ്രസിലെ നിഷ സോമനാണ് വിജയിച്ചത്. ഇതിൻ്റെ പേരിൽ ബി.ജെ.പി പ്രവർത്തകരെ മോശമായ രീതിയിൽ ചിത്രീകരിച്ചതായും ആക്ഷേപമുണ്ട്. പ്രവർത്തകരെ അപമാനിച്ചയാളെ ജില്ലാ പ്രസിഡൻ്റാക്കിയതും ബി.ജെ.പിയിൽ ഭിന്നതയക്ക് കാരണമായിട്ടുണ്ട്.
