ഇടുക്കി: വണ്ടൻമേട് സ്വദേശിനിയായ ആനിയുടെ മൊബൈൽ ഫോൺ നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് വണ്ടൻമേട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഉടൻതന്നെ പോലീസ് ഇൻസ്പെക്ടർ ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. തുടർന്ന് സിവിൽ പോലീസ് ഓഫീസർ അരുൺ ആർ നായർ മധ്യപ്രദേശിൽ നിന്നുമാണ് ഫോൺ കണ്ടെത്തിയത്. പിന്നീട് പോലീസുദ്യോഗസ്ഥർ വിവരം അറിയിച്ചതിൻ പ്രകാരം ആനി സ്റ്റേഷനിലെത്തി ഫോൺ ഏറ്റുവാങ്ങുകയും ചെയ്തു.
നിങ്ങളുടെ ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ എന്ത് ചെയ്യണം?
- എത്രയും വേഗം പോലീസിൽ ഒരു പരാതി രജിസ്റ്റർ ചെയ്യുക
അതിനായി കേരള പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ-ആപ്പ് വഴിയോ, തുണ വെബ് പോർട്ടൽ വഴിയോ, പോലീസ് സ്റ്റേഷനിൽ നേരിട്ടോ നിങ്ങൾക്ക് പരാതി നൽകാം. ഓർക്കുക പരാതിയിൽ ഫോണിന്റെ IMEI നമ്പർ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ് - സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക
സർവീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് ഫോണിൽ ഉപയോഗിച്ചിരുന്ന സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക വഴി ഇത് നിങ്ങളുടെ ഫോൺ നമ്പർ ദുരുപയോഗം ചെയ്യുന്നത് തടയാൻ ഉപകരിക്കും. ഓർക്കുക നിങ്ങളുടെ ഫോൺ ബ്ലോക്ക് ചെയ്യുന്നതിന് ഈ നമ്പർ ആവശ്യമാണ്. 24 മണിക്കൂറിൽ തന്നെ ഡ്യൂപ്ലിക്കേറ്റ് സിംകാർഡ് ആക്റ്റിവേറ്റ് ചെയ്തുകിട്ടും. - www.ceir.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുക വഴി നിങ്ങളുടെ നഷ്ടപ്പെട്ട ഫോൺ ബ്ലോക്ക് ചെയ്യാം
ഈ വെബ്‌സൈറ്റിൽ ചുവന്ന നിറത്തിലുള്ള ബട്ടനിൽ Block Stolen/Lost Mobile എന്ന ഓപ്ഷൻ കാണാം. അതിൽ പരാതിയുടെ കോപ്പി, തിരിച്ചറിയൽ രേഖ ഏതെങ്കിലും, ഫോൺ വാങ്ങിയതിന്റെ ഇൻവോയ്‌സ് തുടങ്ങിയ രേഖകളുടെ പിൻബലത്തോടെ അപേക്ഷ സമർപ്പിച്ചാൽ വൈകാതെതന്നെ നിങ്ങൾ നൽകിയ ഐഎംഇഐ നമ്പർ(മൊബൈൽ നമ്പർ) ബ്ലോക്ക് ചെയ്യപ്പെടും. പിന്നീട് ഒരു സിം കാർഡും ഈ ഫോണിൽ പ്രവർത്തിക്കുകയില്ല. ഫോൺ ഈ രീതിയിൽ ബ്ലോക്ക് ചെയ്താൽപോലും അത് ട്രാക്ക് ചെയ്യാൻ പോലീസിന് സാധിക്കും. ഇങ്ങനെയുള്ള അപേക്ഷയിൽ നിങ്ങൾക്ക് ഒരു റിക്വസ്റ്റ് ഐഡി ലഭിക്കുന്നതാണ്. ഈ റിക്വസ്റ്റ് ഐഡി ഉപയോഗിച്ച് നിങ്ങളുടെ അപേക്ഷയുടെ Status എപ്പോൾ വേണമെങ്കിലും പരിശോധിക്കാവുന്നതാണ്.
നഷ്ടപ്പെട്ട ഫോൺ തിരിച്ച് കിട്ടിയാൽ www.ceir.gov.in വെബ്‌സൈറ്റിൽ തന്നെ അൺബ്ലോക്ക് ചെയ്യുന്നതിനുള്ള ബട്ടൻ കാണാം. ഇത് ക്ലിക്ക് ചെയ്ത് റിക്വസ്റ്റ് ഐഡി നൽകിയതിന് ശേഷം അൺബ്ലോക്ക് ചെയ്യാനുള്ള കാരണം വ്യക്തമാക്കി സബ്മിറ്റ് ചെയ്യാം. അൺബ്ലോക്ക് ചെയ്ത ഫോണിൽ പിന്നീട് സിംകാർഡ് ഇട്ട് ഉപയോഗിക്കാം - നഷ്ടമായ സ്മാർട്ട് ഫോണിൽ സ്വകാര്യ വിവരങ്ങൾ ഉണ്ടെങ്കിൽ അവ നിങ്ങൾക്കുതന്നെ ഡിലീറ്റ് ചെയ്യാൻ മറ്റൊരു മാർഗ്ഗത്തിലൂടെ കഴിയും.
അതിനായി https://www.google.com/android/find/ എന്ന ഗൂഗിൾ ലിങ്ക് ഉപയോഗിക്കാവുന്നതാണ്. നഷ്ടമായ ഫോണിൽ സൈൻ ഇൻ ചെയ്യാൻ ഉപയോഗിച്ചിരുന്ന അക്കൗണ്ട് ലോഗിൻ വിവരങ്ങൾ ഉപയോഗിച്ചുകൊണ്ട് ഈ പേജിൽ ലോഗിൻ ചെയ്യുക. ഫോൺ റിങ്ങ് ചെയ്യിക്കാനും ലോക്ക് ചെയ്യുവാനുമുള്ള മാർഗ്ഗങ്ങൾ ഈ പേജിൽ കാണാൻ കഴിയും. കൂടാതെ ഇറേസ് ഡിവൈസ് എന്ന ഓപ്ഷൻ ഉപയോഗിച്ച് ഫോണിലെ വിവരങ്ങൾ പൂർണമായി ഡിലീറ്റ് ചെയ്യാനും സംവിധാനമുണ്ട്. നഷ്ടപ്പെട്ട ഫോണിൽ ഉപയോഗിച്ച ഗൂഗിൾ അക്കൗണ്ട് സൈൻ ഇൻ ചെയ്തിരുന്നാൽ മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളൂ.
