വാഴക്കുളം: ഭക്ഷണം, വസ്ത്രം, പാർപ്പിടം പോലെ മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായി വചന വായന മാറണമെന്ന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അഭിപ്രായപ്പെട്ടു. വാഴക്കുളം കർമല ആശ്രമ ദൈവാലയത്തിലെ കാർമൽ പ്രാർത്ഥനാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള മുപ്പത്തിരണ്ടാമതു ബൈബിൾ കൺവൻഷൻ വിശുദ്ധ കുർബാന അർപ്പിച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.
വചനത്തിലൂടെ ജീവനുള്ള ദൈവത്തിൻ്റെ മുഖമാണ് നമുക്കു കാണാൻ കഴിയുന്നത്.വചനം കേൾക്കുമ്പോൾ തന്നെ ഹൃദയം ജ്വലിക്കണം. എഴുതപ്പെട്ട വചനം, മാംസമായ വചനം എന്നിങ്ങനെ ഇരുതരത്തിൽ വചനം നമുക്കു ലഭ്യമാണെന്നും
സുവിശേഷ പ്രഘോഷണം എല്ലാ മനുഷ്യരുടേയും കടമയും ദൗത്യവുമാണെന്നും ബിഷപ്പ് പറഞ്ഞു. ഫാ.റോയി കണ്ണംചിറ ബൈബിൾ പ്രതിഷ്ഠ നിർവഹിച്ചു.
മൂവാറ്റുപുഴ കാർമൽ പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ.മാത്യു മഞ്ഞക്കുന്നേൽ, കർമല ആശ്രമ ശ്രേഷ്ഠൻ ഫാ.തോമസ് മഞ്ഞക്കുന്നേൽ, കാർമൽ പ്രയർ ഗ്രൂപ്പ് ഡയറക്ടർ ഫാ.ജോമോൻ ചവർപ്പുഴയിൽ,ലീഡർ ജോസ് പുളിക്കായത്ത് തുടങ്ങിയവർ നേതൃത്വം നൽകി. 15 വരെ എല്ലാ ദിവസവും വൈകുന്നേരം 4.30 ന് ജപമാല,5 ന് വി.കുർബാന, 6.15ന് ഗാനശുശ്രൂഷ,വചന പ്രഘോഷണം,ദിവ്യകാരുണ്യ ആരാധന,രോഗശാന്തി ശുശ്രൂഷ,9 ന് സമാപനം എന്നിങ്ങനെയാണ് കൺവൻഷൻ പരിപാടികൾ. തൃശൂർ തലോർ ജറുസലേം ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡേവിസ് പട്ടത്തും ടീമുമാണ് കൺവൻഷനിൽ വചന പ്രഘോഷണം നടത്തുന്നത്.
