VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

മൾട്ടിപ്ലക്‌സ് തീയേറ്റർ പ്രാദേശികമായി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും: മന്ത്രി സജി ചെറിയാൻ

ഇടുക്കി: നിർദ്ദിഷ്ട മൾട്ടിപ്ലക്‌സ് തീയേറ്റർ വിനോദസഞ്ചാരികൾക്കും പ്രാദേശിക നിവാസികൾക്കും ഒരേപോലെ പ്രയോജനപ്പെടുന്ന ഒരു കൾച്ചറൽ ഹബ്ബായി മാറുമെന്നും പ്രാദേശികമായി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സാംസ്‌കാരിക, യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ. ചെറുതോണി ആലിൻചുവട് ഭാഗത്ത് നിർമ്മിക്കുന്ന മൾട്ടിപ്ലക്‌സ് തീയറ്റർ കോംപ്ലക്‌സിന്റെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. ഇടുക്കിയുടെ മണ്ണിൽ കലയ്ക്കും സാംസ്‌കാരിക വിനിമയങ്ങൾക്കും പദ്ധതി ഒരു പുത്തൻ ഉണർവ് നൽകും. മൾട്ടിപ്ലക്‌സ് കൂടി വരുമ്പോൾ ഇടുക്കിയുടെ മുഖച്ഛായ തന്നെ മാറുമെന്ന കാര്യത്തിൽ സംശയമില്ല.

ആർച്ച് ഡാം സന്ദർശിക്കാൻ എത്തുന്ന സഞ്ചാരികൾക്ക് വൈകുന്നേരങ്ങളിൽ സമയം ചെലവഴിക്കാൻ പറ്റിയ മികച്ച ഒരിടമായി ഇത് മാറും. ടിക്കറ്റ് വരുമാനത്തിനു പുറമെ ഭക്ഷണശാലകളുടെയും വിവിധ പരിപാടികളിലൂടെയും മികച്ച വരുമാനം കണ്ടെത്താൻ സാധിക്കുന്നതിനോടൊപ്പം പ്രാദേശികമായി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിയിലൂടെ സാധിക്കും. ഇടുക്കിയുടെ സാമൂഹിക സാമ്പത്തിക വളർച്ചയ്ക്ക് വലിയ സംഭാവന നൽകുന്ന ഈ സംരംഭം കലാസാംസ്‌കാരിക മേഖലയ്ക്ക് വലിയൊരു കരുത്തായി തീരുമെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി പാർക്കിൽ നടന്ന യോഗത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗം സിജി ചാക്കോ, രാജു ജോസഫ്, കെ.ഐ.ഐ.ഡി.സി. സി.ഇ. ഒ എസ്. തിലകൻ തുടങ്ങിയവർ പങ്കെടുത്തു.

മൾട്ടിപ്ലക്‌സ് തിയേറ്റർ കോംപ്ലക്‌സ്

ഇടുക്കിയിലെ വിനോദസഞ്ചാര മേഖലയ്ക്കും സാംസ്‌കാരികരംഗത്തിനും പുതിയ ഉണർവ് നൽകുന്നതിനായി വിഭാവനം ചെയ്തിരിക്കുന്ന സംരംഭമാണ് നിർദ്ദിഷ്ട 2-സ്‌ക്രീൻ മൾട്ടിപ്ലക്‌സ് തിയേറ്റർ കോംപ്ലക്‌സ്. പ്രശസ്തമായ ഇടുക്കി ആർച്ച് ഡാമിന് സമീപം ഇടുക്കി ടൗൺഷിപ്പിനോട് ചേർന്ന് 2 ഏക്കർ ഭൂമിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഉയർന്ന നിലവാരമുള്ള ഓഡിയോ-വിഷ്വൽ സിസ്റ്റങ്ങൾ, സുഖപ്രദമായ ഇരിപ്പിടങ്ങൾ, മികച്ച രീതിയിൽ രൂപകൽപ്പന ചെയ്ത ലോബികൾ, ഫുഡ് കോർട്ടുകൾ തുടങ്ങി അത്യാധുനികസൗകര്യങ്ങൾ ഈ തിയേറ്ററിൽ ഉണ്ടാകും.

പ്രീ-എഞ്ചിനീയേർഡ് ബിൽഡിംഗ്’ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മാണം. ഇത് നിർമ്മാണ സമയം കുറയ്ക്കാനും ചെലവ് ലാഭിക്കാനും സഹായിക്കും. കൂടാതെ, മേഖലയിലെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ രീതിയിലുള്ള സുരക്ഷയും ഈ സാങ്കേതികവിദ്യ ഉറപ്പാക്കുന്നു. ആർച്ച് ഡാം കാണാനെത്തുന്ന വിനോദസഞ്ചാരികളെയും പ്രാദേശിക നിവാസികളെയും ഒരുപോലെ ആകർഷിക്കാൻ ഈ ലൊക്കേഷൻ സഹായിക്കും. സമീപത്തായി കൾച്ചറൽ സെന്റർ, കിൻഫ്ര, ഇറിഗേഷൻ മ്യൂസിയം തുടങ്ങിയ പദ്ധതികളും യാഥാർത്ഥ്യമാകുന്നുണ്ട്. ടിക്കറ്റ് വിൽപ്പനയ്ക്ക് പുറമെ പ്രീമിയം ലോഞ്ചുകൾ, ഭക്ഷണശാലകൾ, പരസ്യങ്ങൾ, വിവിധ പരിപാടികൾ എന്നിവയിലൂടെ മികച്ച വരുമാനം പദ്ധതി ലക്ഷ്യമിടുന്നു. പ്രാദേശികമായി നിരവധി ആളുകൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഇടുക്കിയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് വൈകുന്നേരങ്ങളിൽ ചിലവഴിക്കാൻ പറ്റിയ ഒരു മികച്ച ഇടമായി ഇത് മാറും. കേവലം സിനിമകൾക്ക് മാത്രമല്ലാതെ, ജനങ്ങളുടെ ഒത്തുചേരലുകൾക്കും സാംസ്‌കാരിക വിനിമയങ്ങൾക്കും അനുയോജ്യമായ ഒരു ഹബ്ബായി മൾട്ടിപ്ലക്‌സ് പ്രവർത്തിക്കും.

Leave a Comment

Your email address will not be published. Required fields are marked *