ഇടുക്കി: നിലവിലെ നിയമങ്ങൾക്കും കേരള ഫോറെസ്റ്റ് കോഡിനും വിരുദ്ധമായി, പെരിയാർ കടുവ സങ്കേതത്തെക്കുറിച്ച് റിൽസ് തയ്യാറാക്കി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റ് ചെയ്യാനായി പെരിയാർ കടുവ സങ്കേതം ഈസ്റ്റ് ഡിവിഷനിലെ(തേക്കടി) വന സംരക്ഷണ വിഭാഗം ജീവനക്കാരെ ഉൾപ്പെടുത്തി മീഡിയ സെൽ രൂപീകരിച്ച് അതിൽ ചുമതല നൽകിയ ഉത്തരവ് വിവാദമാകുന്നു. സർക്കാരിന്റെയോ, വനം വകുപ്പിന്റെയോ അനുമതി ഇല്ലാതെയാണ് വനം സംരക്ഷണ വിഭാഗം ജീവനക്കാരെ ഇത്തരത്തിൽ ഡ്യൂട്ടി മാറ്റിയത്. യൂണിഫോം ജീവനക്കാരെ വന സംരക്ഷണ ജോലികൾക്കല്ലാതെ മറ്റ് ജോലികൾക്ക് നിയമിക്കാൻ പാടില്ല എന്ന ചട്ടവും ലംഘിക്കപ്പെട്ടു. മനുഷ്യ വന്യജീവി സംഘർഷങ്ങൾ വർദ്ധിക്കുന്ന ഈ സമയത്തും സംരക്ഷണ വിഭാഗം ജീവനക്കാരെ ജോലിയിൽ നിന്നും മാറ്റി റീൽസ് പിടിക്കാൻ വിടാനുള്ള തീരുമാനം അടിയന്തിരമായി റദ്ധ് ചെയ്യാനുള്ള നടപടികൾ ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കണം എന്ന ആവശ്യം ശക്തമാവുന്നു.
