ജയ്പുർ: നീറ്റ് (NEET-UG 2026) ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ ഏറ്റെടുത്തു. രാജസ്ഥാൻ പൊലീസിൻറെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിൽ (SOG) നിന്നാണ് കേന്ദ്ര ഏജൻസി കേസ് ഏറ്റെടുത്തത്. ‘ഗസ് പേപ്പർ’ എന്ന വ്യാജേനയാണ് മാഫിയ സംഘം ചോദ്യപേപ്പർ വിറ്റഴിച്ചത്. മേയ് 3-ന് നടത്തിയ പരീക്ഷയിലെ 90 ബയോളജി ചോദ്യങ്ങളും 45 കെമിസ്ട്രി ചോദ്യങ്ങളും അടങ്ങിയ പേപ്പർ 10 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ ഈടാക്കിയാണ് വിദ്യാർഥികൾക്കു നൽകിയതെന്നും പ്രാഥമിക സൂചന. രാജസ്ഥാൻ, ഹരിയാന, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് ഈ ശൃംഖല പ്രവർത്തിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട്, നാസിക്കിൽ നിന്ന് 27 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സെഹോറിലെ ആയുർവേദ മെഡിക്കൽ വിദ്യാർഥിയായ ഇയാൾ നാസിക്കിൽ കരിയർ കൗൺസിലറായി പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നു. ചോദ്യപേപ്പർ കൈമാറുന്നതിൽ ഇയാൾക്ക് വലിയ പങ്കുണ്ടെന്ന് കരുതുന്നു.
ഹരിയാന സ്വദേശിയായ ഒരാളിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. രാജസ്ഥാനിലെ സിക്കർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രാകേഷ് മന്ദവാരിയ എന്നയാളെയും സിബിഐ ചോദ്യം ചെയ്തു. ഇയാൾ തൻറെ ഇടപാടുകാർക്ക് നൽകിയ 120-ഓളം ചോദ്യങ്ങൾ പരീക്ഷയിൽ വന്നതായി അവകാശപ്പെട്ടിരുന്നു.
