VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ജല സമൃദ്ധിയിൽ ആനചാടികുത്ത്; സഞ്ചരികളുടെ ഒഴുക്കു തുടങ്ങി

തൊമ്മൻകുത്ത്: മഴയെത്തിയതോടെ ജല സമൃദ്ധിയിലായ ആനചാടിക്കുത്തിലേക്ക് സഞ്ചരികളുടെ പ്രവാഹം. കുത്തിന് മുകളിൽ വരെ വലിയ വാഹനങ്ങൾ എത്താനുള്ള റോഡ് ബി.എം.ബി.സി നിലവാരത്തിൽ പൂർത്തിയായതോടെ വാഹനങ്ങളുടെ നീണ്ട നിര അവധി ദിനത്തിൽ പോലും രൂപപ്പെട്ടു. ദിവസവും നൂറ് കണക്കിന് വാഹനങ്ങൾ എത്തുന്നുണ്ട്. റോഡ് പണി പൂർത്തിയാകുന്നതിന് മുമ്പ് കുത്തിന് താഴെ വാഹനങ്ങൾ ഇട്ടിട്ട് കുത്തനെയുള്ള കയറ്റം നടന്നു കയറിയാണ് സഞ്ചരികൾ എത്തിയിരുന്നത്. പ്രായമായ സഞ്ചരികൾക്ക് ഇത് ബുദ്ധിമുട്ട് ആയിരുന്നു. വാഹനങ്ങൾക്ക് കുത്തിന് തൊട്ട് അടുത്ത് വരെ എത്താൻ കഴിയുമെന്നത് ഇവർക്ക് വലിയ സഹായമാണ്.

യാത്രാ സൗകര്യം ഉണ്ടായതിനാൽ ആനചാടി കുത്തിൽ മുൻ വർഷങ്ങളിലേക്കാൾ തിരക്ക് വർധിക്കുമെന്നാണ് നിഗമനം. യാത്രാ സൗകര്യം കൂടിയെങ്കിലും ശൗചാലയം, വിശ്രമ കേന്ദ്രം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഒരുക്കിയിട്ടില്ല. അടിസ്ഥാന സൗകര്യം ഒരുക്കി പ്രവേശന ഫീസ് ഏർപ്പെടുത്താൻ വണ്ണപ്പുറം പഞ്ചായത്ത്‌ തയാറാകണം എന്നാണ് നാട്ടുകാരുടം ആവശ്യം.

പഞ്ചായത്തിന് കഴിയില്ലെങ്കിൽ സ്വകാര്യ സംരംഭകരെ ഏൽപ്പിക്കുന്ന കാര്യവും പരിഗണിക്കണം. കുത്തിന് മുകൾ വരെ ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ എത്തും. ഇവ സഞ്ചാരികളെ ഇറക്കി അല്പം മുന്നോട്ട് പോയാൽ തിരിക്കാനും റോഡരികിൽ പാർക്ക് ചെയ്യാനും സൗകര്യമുണ്ട്.

എന്നാൽ മണിയൻ സിറ്റിയിയിലെ പാർക്കിങ്ങ് ഗ്രൗണ്ട് ഉടമകൾ ഡ്രൈവർമാരെ തെറ്റി ധരിപ്പിച്ച് വാഹനങ്ങൾ അവരുടെ ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യിക്കുകയും ട്രിപ്പ് ജീപ്പിൽ സഞ്ചരികളെ മുകളിൽ എത്തിച്ച് പണം ഈടാക്കി സഞ്ചരികളെ ചൂഷണം ചെയ്യുന്നുണ്ട്. വലിയ വാഹനങ്ങൾ കുത്തിന് മുകളിൽ എത്തില്ലെന്ന പ്രചരണം നടത്തിയാണ്‌ ചൂഷണം നടത്തുന്നത്. കയറ്റം കയറിവരുന്ന ബസുകളുടെ മുന്നിൽ പാർക്കിങ്ങ് ഗ്രൗണ്ട് ഏജന്റുമാർ കയറി നിൽക്കുകയും ഇതോടെ കയറ്റത്തിൽ ബസ് നിർത്തേണ്ടി വരികയും പിന്നീട് കയറ്റത്തിൽ നിന്ന് മുന്നോട്ട് എടുക്കാൻ ബുദ്ധിമുട്ടിക്കുന്നതായും പരാതിയുണ്ട്. പ്രായമായവരും കുട്ടികളും ഉൾപ്പെടെ ഇവരുടെ വാക്കുകൾ കേട്ട് ഡ്രൈവർമാർ വാഹനം മുകളിലേയ്ക്ക് കൊണ്ടു പോകാൻ മടിക്കുന്നതോടെ മഴ നനഞ്ഞു നടന്നു കയറി കുത്തിലേയ്ക്ക് എത്തേണ്ട സ്ഥിതിയാണ്.

തൊടുപുഴയിൽ നിന്ന് കരിമണ്ണൂർ – തൊമ്മൻകുത്ത് – നാരങ്ങാനം വഴി ഹൈറേഞ്ചിലേയ്ക്ക് ബസ് സർവീസ് തുടങ്ങാനുള്ള നീക്കത്തിന് തടയിടുകയാണ് വ്യാജ പ്രചരണം നടത്തുന്നവരുടെ ലക്ഷ്യമെന്നും നാട്ടുകാർ ആരോപിക്കുന്നു. കരിമണ്ണൂർ, വണ്ണപ്പുറം പഞ്ചായത്ത്‌ അധികൃതരും പൊതുമരാമത്ത് വകുപ്പും ഇക്കാര്യത്തിൽ നടപടി എടുക്കുന്നില്ല. കരിമണ്ണൂർ, കാളിയാർ പോലീസ് ശ്രദ്ധിക്കണമെന്ന ആവശ്യവും ഉയരുന്നു.

Leave a Comment

Your email address will not be published. Required fields are marked *