ഗോഹട്ടി: ഇനി മുതൽ 18 വയസിന് മുകളിലുള്ളവർക്ക് ആധാർ കാർഡുകൾ അനുവദിക്കുന്നതിന് നിയന്ത്രണവുമായി അസം സർക്കാർ. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. അനധികൃത കുടിയേറ്റക്കാർക്ക് ആധാർ കാർഡ് ലഭിക്കാതിരിക്കാനാണ് നടപടിയെന്നാണ് വിശദീകരണം. പതിനെട്ട് വയസിൽ താഴെയുള്ളവർക്ക് ആധാർ കാർഡ് നൽകുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടാവില്ല. പ്രായപൂർത്തിയായ ശേഷമുള്ള ആധാർ അപേക്ഷകരെ പ്രത്യേക വെരിഫിക്കേഷൻ നടപടിക്രമങ്ങൾക്ക് വിധേയമാക്കും. ഇതിന് ശേഷം മാത്രമേ ആധാർ കാർഡ് അനുവദിക്കൂ. പതിനെട്ട് വയസിന് മുകളിലുള്ളവർ ആധാറിനുള്ള അപേക്ഷകൾ ജില്ലാ കലക്റ്റർ വഴി അയക്കേണ്ടതുണ്ടെന്നും, ഇത് അംഗീകാരത്തിനായി സംസ്ഥാന സർക്കാരിന് സമർപ്പിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അപേക്ഷകൻ ആധാർ കാർഡിന് യോഗ്യനാണോ എന്ന് അതിനുശേഷം സർക്കാർ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെയും ടീ ഗാർഡൻ കമ്യൂണിറ്റി അംഗങ്ങളെയും നിയന്ത്രണത്തത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർക്ക് അടുത്ത മാർച്ച് വരെ ആധാർ എൻറോൾമെൻറിന് യോഗ്യത തുടരും.
