തൊടുപുഴ: നഗരസഭയിലെ അശ്വതി ടാക്സി സ്റ്റാൻഡിൽ വർഷങ്ങളായി അടഞ്ഞുകിടക്കുന്ന കംഫർട്ട് സ്റ്റേഷൻ തുറന്ന് ഉപയോഗ യോഗ്യമാക്കണമെന്ന് കെ.റ്റി.ഡി.ഒ തൊടുപുഴ സോൺ ആവശ്യപ്പെട്ടു. തൊടുപുഴ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കംഫർട്ട് സ്റ്റേഷൻ നിരവധി ആളുകൾ ആശ്രയിച്ചിരുന്നതാണ്. ടാക്സി തൊഴിലാളികൾ, ജ്യോതി സൂപ്പർ ബസാറിലെ ജീവനക്കാർ, അശ്വതി കോംപ്ലക്സിലെ ജീവനക്കാർ, വഴിയാത്രക്കാർ, അന്യസംസ്ഥാനത്ത് നിന്നും പുലർച്ചെത്തുന്ന ബസ്സിൽ യാത്ര ചെയ്യുന്ന ആളുകൾ അങ്ങനെ അനവധി ആളുകൾക്ക് ഉപയോഗിച്ചു പോന്നിരുന്ന കംഫർട്ട് സ്റ്റേഷൻ ആണ് വർഷങ്ങൾ ആയി യാതൊരു കാരണവും ഇല്ലാതെ മുനിസിപ്പാലിറ്റി അധികൃതർ അടച്ചിട്ടിരിക്കുന്നത്. വർഷങ്ങൾ ആയി ഉപയോഗിക്കാതെയും സാമൂഹ്യ വിരുദ്ധരുടെ ചെയ്തികൾകൊണ്ടും ഇപ്പോൾ നശിച്ച അവസ്ഥയാണ്. കംഫർട്ട് സ്റ്റേഷന്റെ പരിസരവും സമീത്തെ ഓടയും മലമൂത്ര വിസ്യർജ്യം ആണ്.
ഓടയിൽ നിന്നും ഉള്ള ദുർഗന്ധം പ്രദേശത്തു അസഹനീയമാണ്. മഴക്കാലവും പകർച്ചവ്യാധിയും ഉള്ള ഈ സാഹചര്യത്തിൽ ഈ ഓടയിലെ വെള്ളം തൊടുപുഴ ആറ്റിൽ ആണ് എത്തിച്ചേരുന്നത്. നിരവധി തവണ പരാതി നൽകിയിട്ടും മുനിസിപ്പാലിറ്റി അധികൃതരുടെ ഭാഗത്തു നിന്നും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല എന്നാണ് കെ ടി ഡി ഒ ഭാരവാഹികൾ പറഞ്ഞു.
കംഫർട്ട് സ്റ്റേഷൻ തുറന്നു പൊതുജനങ്ങൾക്ക് ഉപയോഗയോഗ്യം ആക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തൊടുപുഴ മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് കെടി ഡി ഒ ഭാരവാഹികൾ പരാതി നൽകി. തൊടുപുഴ സോൺ പ്രസിഡന്റ് അരുൺകുമാർ ടി. കെ, ജനറൽ സെക്രട്ടറി അഖിൽ കാഞ്ഞിരമറ്റം, ജോയ്ന്റ് സെക്രട്ടറി കൃപേഷ് കെ, രഞ്ജിത്ത് ടി.ജി, രാജേഷ് പി.ജി എന്നിവർ പങ്കെടുത്തു. പൊതുജനങ്ങൾക്കായി ഉപയോഗ യോഗ്യമായ രീതിയിൽ കംഫർട്ട് സ്റ്റേഷൻ തുറന്ന് നൽകാത്ത പക്ഷം പൊതുജന പങ്കാളിത്തത്തോടെ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കെ ടി ഡി ഒ ഭാരവാഹികൾ വ്യക്തമാക്കി.
