പാരീസ്: ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ സൈന്യത്തിൻറെ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം സംയുക്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കവേയാണ് ട്രംപ് ഇന്ത്യൻ നാവികരുടെ മരണത്തിൽ അനുശോചനം അറിയിച്ചത്. ആക്രമണത്തിൽ കൊല്ലപ്പെട്ട നാവികരുടെ കുടുംബങ്ങൾക്ക് എന്തെങ്കിലും സന്ദേശം നൽകാനുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായാണ് ട്രംപ് ഖേദം പ്രകടിപ്പിച്ചത്.
”ഞാനും അതേപ്പറ്റി കേട്ടു. അത് കഠിനമായ തൊഴിലാണ്”- ട്രംപ് പറഞ്ഞു. ഇത് എപ്പോഴും നടക്കുന്നതാണെന്നും പക്ഷേ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമെന്നും വ്യക്തമാക്കിയ ട്രംപ് അവരെ ഞങ്ങൾ സ്നേഹിക്കുന്നുവെന്നും അവർ മഹത്തായ ആളുകളാണെന്നും കൂട്ടിച്ചേർത്തു. ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപിൻറെ പ്രതികരണം. ഹോർമൂസ് കടക്കാൻ ശ്രമിക്കവേ പലാവു പതാകയുള്ള കപ്പലിനു നേരെ യുഎസ് സൈന്യം നടത്തിയ വെടിവെപ്പിലാണ് മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടത്. 21 ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇവരെ പിന്നീട് ഒമാൻ സൈന്യം രക്ഷപ്പെടുത്തുകയായിരുന്നു. മുമ്പ് രണ്ടു തവണ യുഎസ് സൈന്യം മുന്നറിയിപ്പ് നൽകിയിട്ടും അത് ലംഘിച്ച് മുന്നോട്ടുപോകാൻ ശ്രമിക്കവേ കപ്പലിനു നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. യുഎസ് സൈന്യത്തിൻറെ ആക്രമണത്തിൽ മൂന്നു ഇന്ത്യക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യത്ത് പ്രതിഷേധമുയർന്നിരുന്നു.
വിഷയത്തിൽ അമേരിക്കയ്ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും മോദി നിലപാട് വ്യക്തമാക്കിയിരുന്നില്ല. ഇതിനുപിന്നാലെയാണ് ജി7 ഉച്ചകോടിയിൽ ട്രംപിനൊപ്പം മോദി വേദി പങ്കിട്ടത്.
