ഇടുക്കി: കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ (NADCP) ഭാഗമായി സംഘടിപ്പിക്കുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് യജ്ഞത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ചെറുപുറം വിനായക ഫാമിൽ വെച്ച് നടത്തി.ജൂൺ 19 മുതൽ ജൂലൈ 13 വരെ നടക്കുന്ന കുത്തിവയ്പ് യജ്ഞത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബെന്നി പാലക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കിങ്ങിണി രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.
പതിനൊന്നാം വാർഡ് മെമ്പർ സാജു പഴപ്ലാക്കൽ സ്വാഗതവും,വെറ്റനറി സർജൻ ഡോ.സുർജിത്ത് ജെ.കുമാർ നന്ദിയും അർപ്പിച്ചു.ഒന്നാം വാർഡ് മെമ്പർ ബാബു ജോസഫ്,എട്ടാം വാർഡ് മെമ്പർ ജോഷി കന്യാക്കുഴി എന്നിവർ പ്രസംഗിച്ചു. രാജാക്കാട് ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകർക്ക് മാതൃകയാകുന്ന രീതിയിൽ പശു ഫാം നടത്തി വരുന്ന വിജു -മഞ്ജുള വിജു ദമ്പതികളെ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രത്യേകം അനുമോദിച്ചു. ക്ഷീരോത്പാദന രംഗത്തെ അവരുടെ മാതൃകാപരമായ പ്രവർത്തനങ്ങളെ ചടങ്ങിൽ പ്രശംസിച്ചു. കന്നുകാലികളുടെ ആരോഗ്യസംരക്ഷണത്തിനും കുളമ്പുരോഗ നിയന്ത്രണത്തിനുമായി സംഘടിപ്പിക്കുന്ന കുത്തിവയ്പ് യജ്ഞത്തിൽ മുഴുവൻ കർഷകരും സഹകരിക്കണമെന്ന് പ്രസിഡൻ്റ് പറഞ്ഞു.
പരിപാടിയിൽ ക്ഷീരകർഷകരും പൊതുജനങ്ങളും പങ്കെടുത്തു.രാജാക്കാട് ഗ്രാമപഞ്ചായത്തിലെ മുഴുവൻ കന്നുകാലികൾക്കും പദ്ധതി കാലയളവിനുള്ളിൽ പ്രതിരോധ കുത്തിവയ്പ് നൽകുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.
