VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സ്പെഷ്യൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി, ബജറ്റിൽ ഉൾപ്പെടുത്തുന്നതിന് ആവശ്യമുന്നയിച്ചിരുന്നു; രമേശ് ചെന്നിത്തല

തിരുവനന്തപുരം: “കനകനിലാവേ, തുയിലുണരൂ… തരളവസന്തം വരവായി…”. അനന്യ പാടുകയാണ്, കൂട്ടുകാർക്കും അധ്യാപികമാർക്കും, ഒപ്പം കൗതുകത്തോടെ കേട്ടിരിക്കുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും മുന്നിൽ. ഹൃദയത്തിൽ നിന്നെന്ന് തോന്നുന്ന ആലാപനം. അതിൽ ലയിച്ചിരിക്കുന്ന സദസ്. പാടിത്തീർന്നപ്പോൾ നിർത്താത്ത കയ്യടി, മന്ത്രിയടക്കം. വഴുതക്കാട് റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചിൽഡ്രൻ ഇൻ നീഡ് ഓഫ് സ്പെഷ്യൽ കെയർ (RICS) സ്കൂളിലെ വിദ്യാർഥിനിയാണ് തിരുമല സ്വദേശിയായ അനന്യ ബിജേഷ് എന്ന ഇരുപതുകാരി. കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹായത്തോടെ റോട്ടറി ക്ലബ്ബ് നവീകരിച്ച സ്കൂളിൻ്റെ വൊക്കേഷണൽ കെട്ടിടം ഉദ്ഘാടനം ചെയ്യാൻ എത്തിയതാണ് മന്ത്രി.

സ്പെഷ്യൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുന്ന കാര്യം ബജറ്റിൽ ഉൾപ്പെടുത്തുന്നതിനായി താൻ പ്രത്യേകം ആവശ്യപ്പെട്ടിരുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു. ഹൃദയത്തോട് അടുത്തു നിൽക്കുന്ന ഒരു കാര്യമാണത്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പുനരധിവാസ്ഥനായി ഹരിപ്പാട് നടത്തിവരുന്ന സബർമതി എന്ന സ്പെഷ്യൽ സ്കൂളിൻ്റെ കൂടി അനുഭവത്തിലാണ് ഈ ഇടപെടൽ നടത്തിയത്. ബജറ്റ് പാസ് ആകുന്നതോടെ ഈ സൗകര്യം സ്കൂളുകൾക്ക് അപേക്ഷയിലൂടെ ലഭ്യമാകും. ഒരുപാട് പേരുടെ സഹകരണത്തോടെയാണ് ഈ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റാൻ സാധിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇനിയൊരു അവസരത്തിൽ കുഞ്ഞുങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കാനായി എത്തുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. കുട്ടികളുടെ സന്തോഷത്തിന് ഒപ്പം നിന്ന് സെൽഫികൾ എടുത്താണ് മന്ത്രി മടങ്ങിയത്.

സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ അഡ്വ. രാഖി രവികുമാർ മുഖ്യപ്രഭാഷണം നടത്തി. കാട്ടാക്കട ക്രിസ്ത്യൻ കോളേജ് റിട്ട. പ്രൊഫസർ ഡോ. ശ്രീവത്സൻ നമ്പൂതിരി ചടങ്ങിൽ വിശിഷ്ട സാന്നിധ്യമായി പങ്കെടുത്തു. റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം പ്രസിഡന്റ് റോട്ടേറിയൻ മിനികുമാരി സി.കെ അധ്യക്ഷത വഹിച്ചു. കോസ്മോപൊളിറ്റൻ ഹോസ്പിറ്റൽ സിഇഒ അശോക് പി. മേനോൻ, ആർ.ഐ.സി.എസ് ഹോണററി സെക്രട്ടറി പ്രദീപ് ആർ, റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം സെക്രട്ടറി കെ.സി. വിശാഖ്, സ്കൂൾ പ്രിൻസിപ്പൽ എ.ആർ ബീന, ആർ.ഐ.സി.എസ് ട്രഷറർ അനിൽ പിള്ള തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *