ഇടുക്കി: മരിയാപുരത്ത് ഒരു വീട് കത്തിനശിച്ചു. മരിയാപുരം ചട്ടിക്കുഴി കുമ്മിണിയിൽ ജെയ്സന്റെ വീടാണ് ചെവ്വാഴ്ച്ച പുലർച്ചെ കത്തി നശിച്ചത്. അഗ്നിബാധയിൽ വീട്ടുപകരണങ്ങൾ പൂർണമായി നശിച്ചു, ആർക്കും പരിക്കില്ല. വൈദ്യുതി ഷോർട്ട് സർക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. സംഭവ സമയത്ത് ജെയ്സൺ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

മറ്റൊരു മുറിയിൽ ജെയ്‌സൻ ഉറങ്ങുന്നുണ്ടായിരുന്നു. ജെയ്സൻ കിടന്നുറങ്ങിയ മുറി ഒഴികെ ബാക്കി വീടിൻ്റെ എല്ലാ ഭാഗവും കത്തി നശിച്ചു. വീട്ടുപകരണങ്ങളും പൂർണമായി അഗ്നിക്കിരയായി.
ജെയ്സന്റെ ഭാര്യയും മക്കളും കുടുംബവീട്ടിൽ പോയിരുന്നു. ജെയ്സൺ അറിയിച്ചതിനെ തുടർന്ന് ഇടുക്കിയിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തി തീ അണച്ചു. 15 ലക്ഷത്തോളം രൂപയുടെ നഷ്‌ടമുണ്ടായതായി ജെയ്സൺ പറയുന്നു.
