ചങ്ങനാശേരി: അമേരിക്കയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ റട്ഗേഴ്സ് യൂണിവേഴ്സിറ്റിയുടെ അലംനൈ പുരസ്കാരം ചങ്ങനാശേരി സ്വദേശി ഡോ. ജോജി ചെറിയാൻ. ആരോഗ്യ ശാസ്ത്രരംഗത്ത് ശ്രദ്ധേയ സംഭാവനകൾ നൽകിയ പൂർവ വിദ്യാർത്ഥികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് പുരസ്കാരം. റട്ഗേഴ്സ് സ്കൂൾ ഓഫ് പ്രൊഫഷൻസിന്റെ വിദ്യാഭ്യാസം, ഗവേഷണം, സേവനം, നേതൃത്വം എന്നീ ദൗത്യങ്ങളെ ജീവിതത്തിലുടനീളം പ്രവർത്തനത്തിലൂടെ ഉയർത്തിപ്പിടിച്ച വ്യക്തിത്വമാണ് ഡോ. ജോജി ചെറിയാൻ എന്ന് സർവകലാശാല വിലയിരുത്തി. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ് നേടിയ ശേഷം റട്ഗേഴ്സിൽ വിവിധ ഘട്ടങ്ങളിലായി വിദ്യാഭ്യാസം നേടി. ഇന്ന് അതേ സ്ഥാപനത്തിൽ അധ്യാപകനാണ്. അടിയന്തര ചികിൽസ വിഭാഗം ഡോക്ടറായി കരിയർ ആരംഭിച്ച ഡോ. ജോജി ഇൻഫെക്ഷ്യസ് ഡിസീസ്, ന്യൂറോളജി, ന്യൂറോസയൻസസ് മേഖലയിൽ ഉന്നത പഠനം നടത്തി. റട്ഗേഴ്സിൽ നിന്ന് പബ്ലിക് ഹെൽത്തിൽ മാസ്റ്റേഴ്സും ബയോമെഡിക്കൽ ഇൻഫർമാറ്റിക്സിൽ പിഎച്ച്ഡിയും നേടി. കോട്ടയം മെഡിക്കൽ കോളജ് വിദ്യാർഥിയായിരിക്കുമ്പോൾ മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷൻ ചെയർമാനായിരുന്നു. ചങ്ങനാശേരി വെങ്ങാശേരി സി.വി.ചെറിയാന്റെയും റോസമ്മ ചെറിയാന്റെയും മകനാണ്. തൊടുപുഴ സഹകരണ ആശുപത്രിയിൽ മുൻപ് സേവനം അനുഷ്ഠിച്ചിരുന്നു.
