VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

മഹാരാഷ്‌ട്രയിൽ ഹോട്ടലുകളിൽ കുടിവെള്ളം സൗജന്യമായി നൽകണമെന്ന് എഫ്.ഡി.എയുടെ കർശന നിർദേശം

മുംബൈ: സംസ്ഥാനത്തെ ഹോട്ടലുകൾ, റസ്റ്ററൻറുകൾ, ധാബകൾ, ക്ലൗഡ് കിച്ചനുകൾ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ എന്നിവർക്കായി കർശനമായ ഭക്ഷ്യസുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് എഫ്‌ഡിഎ. അശ്രദ്ധ കാണിക്കുന്നവർക്ക് തടവുശിക്ഷ, പിഴ, ലൈസൻസ് റദ്ദാക്കൽ, സ്ഥാപനം പൂട്ടിക്കൽ തുടങ്ങിയ കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് എഫ്ഡിഎ കമ്മീഷണർ തുക്കാറാം മുണ്ടെ മുന്നറിയിപ്പ് നൽകി. പുതിയ ഉത്തരവ് പ്രകാരം എല്ലാ ഹോട്ടലുകളും റസ്റ്ററൻറുകളും ഉപഭോക്താക്കൾക്ക് സുരക്ഷിതമായ കുടിവെള്ളം തികച്ചും സജന്യമായി നൽകിയിരിക്കണം. കുപ്പിവെള്ളം വാങ്ങാൻ ഉപഭോക്താക്കളെ നിർബന്ധിക്കാൻ പാടില്ല. തങ്ങളുടെ സ്ഥാപനത്തിൽ സൗജന്യമായി കുടിവെള്ളം ലഭ്യമാണെന്ന കാര്യം വ്യക്തമാക്കുന്ന ബോർഡുകൾ ഉപഭോക്താക്കൾക്ക് കാണാൻ പാകത്തിൽ പ്രദർശിപ്പിക്കുകയും വേണം.

വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം പാകം ചെയ്യുക, ഉപയോഗിച്ച പാചക എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുക, കൃത്യമായ താപനിലയിൽ ഭക്ഷണം സൂക്ഷിക്കാതിരിക്കുക, മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ജീവനക്കാരെ ജോലിക്ക് നിയോഗിക്കുക, ഉപഭോക്താക്കൾക്ക് സുരക്ഷിതമായ കുടിവെള്ളം നൽകാതിരിക്കുക തുടങ്ങിയ ഗുരുതര വീഴ്ചകളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇതേത്തുടർന്ന് ‘സേഫ് ഫുഡ് ഹെൽത്തി മഹാരാഷ്ട്ര’ എന്ന പേരിൽ സംസ്ഥാനവ്യാപക കാമ്പയിൻ ആരംഭിച്ചിരിക്കുകയാണ് അധികൃതർ. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ഏകദേശം 4.5 ലക്ഷം സ്ഥാപനങ്ങൾ വരുംദിവസങ്ങളിൽ പരിശോധിക്കും. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ 2006-ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് ആക്ട് പ്രകാരമാണ് നിയമനടപടിയുണ്ടാകുക. സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിച്ച് ഏതെങ്കിലും വ്യക്തി മരണപ്പെട്ടാൽ കുറ്റക്കാർക്ക് കുറഞ്ഞത് 7 വർഷം മുതൽ ആജീവനാന്തം വരെ തടവുശിക്ഷയും, കുറഞ്ഞത് 10 ലക്ഷം രൂപ പിഴയും ലഭിക്കാം.

ഭക്ഷണം കാരണം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളോ പരിക്കുകളോ ഉണ്ടായാൽ 6 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ഈടാക്കും. സാധാരണ രീതിയിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന പക്ഷം ഒരു വർഷം വരെ തടവും 3 ലക്ഷം രൂപ വരെ പിഴയും ചുമത്താം. ഭക്ഷണം സുരക്ഷിതമല്ലെങ്കിൽ, അത് കഴിച്ച് ആർക്കും പരിക്കുകളോ ആരോഗ്യപ്രശ്‌നങ്ങളോ ഉണ്ടായില്ലെങ്കിൽ പോലും 3 മാസം വരെ തടവും 1 ലക്ഷം രൂപ വരെ പിഴയും ശിക്ഷയായി ലഭിക്കും. ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാതെ ഭക്ഷ്യവ്യവസായം നടത്തുന്നത് ഗുരുതരമായ കുറ്റമായി കണക്കാക്കി 10 ലക്ഷം രൂപ വരെ പിഴ ചുമത്തും. ഗുണനിലവാരമില്ലാത്ത ഭക്ഷ്യോത്പന്നങ്ങൾ നിർമ്മിക്കുകയോ സംഭരിക്കുകയോ വിൽക്കുകയോ ചെയ്താൽ 5 ലക്ഷം രൂപ വരെയും, തെറ്റായ ലേബലൊട്ടിക്കുകയോ ബ്രാൻഡിംഗിൽ കൃത്രിമം കാണിക്കുകയോ ചെയ്താൽ 3 ലക്ഷം രൂപ വരെയും പിഴ ഈടാക്കും. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം തയാറാക്കുകയോ സൂക്ഷിക്കുകയോ ചെയ്താൽ 1 ലക്ഷം രൂപ വരെയാണ് പിഴ.

Leave a Comment

Your email address will not be published. Required fields are marked *