തിരുവനന്തപുരം: സംസ്ഥാനത്തെ വർധിച്ചുവരുന്ന ഊർജ്ജ ആവശ്യവും ഭാവിയിലെ വൈദ്യുതി സുരക്ഷയും മുൻനിർത്തി, ഇടുക്കി ഉൾപ്പെടെയുള്ള ഡാമുകളിലെ ജലാശയങ്ങളിൽ ഫ്ലോട്ടിംഗ് സോളാർ പാനലുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫിന് ഇടുക്കി ജില്ലാ പഞ്ചായത്തംഗം മനോജ് കോക്കാട്ട് നിവേദനം നൽകി.
ഡാമുകളിലെ വിശാലമായ ജലോപരിതലം പ്രയോജനപ്പെടുത്തി ഫ്ലോട്ടിംഗ് സോളാർ പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ, ജലവൈദ്യുതിയും സൗരോർജവും ഒരേസമയം പ്രയോജനപ്പെടുത്താൻ കഴിയും. ഭൂമി ഏറ്റെടുക്കേണ്ടതില്ല എന്നതും ജലത്തിന്റെ ബാഷ്പീകരണം കുറയ്ക്കാൻ സഹായിക്കുമെന്നതും ഈ പദ്ധതിയുടെ പ്രധാന നേട്ടങ്ങളാണ്. സംസ്ഥാനത്തിന്റെ ഊർജ്ജ സ്വയംപര്യാപ്തതയിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാകാൻ ഈ പദ്ധതി സഹായകരമാകും.
അതോടൊപ്പം, പുരപ്പുറം സോളാർ പദ്ധതിയിൽ കൂടുതൽ കുടുംബങ്ങൾക്ക് പങ്കാളികളാകാൻ നിലവിലെ ട്രാൻസ്ഫോർമറുകളുടെ ശേഷി (കപ്പാസിറ്റി) വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. പല പ്രദേശങ്ങളിലും ട്രാൻസ്ഫോർമർ ശേഷിയുടെ പരിമിതി കാരണം പുതിയ ഗാർഹിക സോളാർ കണക്ഷനുകൾ നൽകുന്നതിൽ തടസ്സം നേരിടുന്ന സാഹചര്യം പരിഹരിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഇരു വിഷയങ്ങളും വിശദമായി ചർച്ച ചെയ്യാൻ അവസരം ലഭിച്ചു. കാര്യങ്ങൾ ശ്രദ്ധാപൂർവം കേട്ട ബഹുമാനപ്പെട്ട മന്ത്രി, നിർദേശങ്ങൾ ഗൗരവമായി പരിഗണിച്ച് അനുബന്ധ വിഷയങ്ങളിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ ശ്രദ്ധ ചെലുത്തുമെന്ന് ഉറപ്പുനൽകി.
