തൂത്തുക്കുടി: കുരങ്ങുകൾ കൂട്ടത്തോടെ വന്നതോടെ പേടിച്ചോടിയ 24 വയസ്സുള്ള യുവതി മലമുകളിൽ നിന്ന് പാറക്കെട്ടിലേക്ക് വീണു മരിച്ചു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ശനിയാഴ്ചയാണ് സംഭവം. തിട്ടംകുളം സ്വദേശിയായ അനിതയാണ് മരിച്ചത്. ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ ഭർത്താവ് സുരേഷിനൊപ്പം കഴുഗുമലൈയിലുള്ള കലുഗസലമൂർത്തി ക്ഷേത്രത്തിൽ എത്തിയതായിരുന്നു അനിത. ക്ഷേത്രത്തിൽ പ്രാർഥിച്ചിറങ്ങിയ ശേഷം ഇരുവരും മലയുടെ മുകളിലുള്ള ഉച്ചിപ്പിള്ളയാർ ആരാധനാലയത്തിലേക്ക് പോയി. പോകും വഴി കൈയിലുണ്ടായിരുന്ന പഴങ്ങൾ അനിത കുരങ്ങുകൾക്ക് നൽകി. അതോടെ കൂടുതൽ കുരങ്ങുകൾ അനിതയ്ക്കു ചുറ്റും കൂടി. കുരങ്ങുകൾക്കിടയിൽ അകപ്പെട്ട അനിത ഭയന്ന് ഓടി നില തെറ്റി മലയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ അനിത മരിച്ചു. അനിതയുടെ മൃതദേഹത്തിനരികിൽ ഇരുന്ന് ഭർത്താവ് കരയുന്ന വിഡോയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അഗ്നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെത്തിച്ചത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
