ചെന്നൈ: പ്രമുഖ തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ ശനിയാഴ്ചയായിരുന്നു അന്ത്യം. മലയാളത്തിൽ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിൽ പ്രധാനവേഷത്തിൽ ഭാഗ്യരാജ് എത്തിയിരുന്നു. 1979ൽ പുറത്തിറങ്ങിയ ‘സുവരില്ലാത ചിത്രങ്ങൾ’ ആണ് ഭാഗ്യരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രം. മൗന ഗീതങ്ങൾ, അന്ത ഏഴ് നാട്കൾ, ഡാർലിങ് ഡാർലിങ് ഡാർലിങ്, മുന്താണെ മുടിച്ച്, ചിന്ന വീട്, എങ്ക ചിന്ന രാസ തുടങ്ങിയ നിരവധി ഹിറ്റ് സിനിമകൾ ഭാഗ്യരാജിന്റെ സംവിധാനത്തിൽ പിറന്നതാണ്. അഞ്ചു പതിറ്റാണ്ടോളം നീണ്ട സിനിമ ജീവിതത്തിൽ വിവിധ വിഷയങ്ങളിൽ അദ്ദേഹം സിനിമകൾ സംവിധാനം ചെയ്തു. നടൻ, സംവിധായകൻ എന്നതിനു പുറമെ തിരക്കഥാകൃത്ത്, സംഗീത സംവിധായകൻ, നിർമാതാവ്, രാഷ്ട്രീയപ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലകളിലും അദ്ദേഹം തിളങ്ങി. തെലുങ്ക്, ഹിന്ദി ചിത്രങ്ങളും ടെലിവിഷൻ പരമ്പരകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. വിവിധ ഭാഷകളിലായി 75ലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം 25ലധികം ചിത്രങ്ങൾ സംവിധാനവും ചെയ്തു. 1953 ജനുവരി ഏഴിനു തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ ഗോപിചെട്ടിപാളയത്തിനു അടുത്തുള്ള വെള്ളൻകോയിലിലാണ് ഭാഗ്യരാജ് ജനിച്ചത്. പ്രമുഖ നടിയും മലയാളിയുമായ പൂർണിമ ജയറാം ആണ് ഭാര്യ. തമിഴ് നടൻ ശന്തനു ഭാഗ്യരാജ്, ശരണ്യ ഭാഗ്യരാജ് എന്നിവർ മക്കളാണ്.
