ന്യൂഡൽഹി: രാജ്യത്ത് ജനഗണമന ആലപിക്കുന്ന എല്ലാ ചടങ്ങുകളിലും ഇതിന് മുൻപായി വന്ദേ മാതരം ആലപിക്കണം. ഇത് സംബന്ധിച്ച മാർഗ നിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. എല്ലാ സ്കൂളുകളിലും സർക്കാർ പരിപാടികളിലും നിർദേശം ബാധകമായിരിക്കും.
ത്രിവർണ പതാക ഉയർത്തുന്ന ചടങ്ങുകളിലും രാഷ്ട്രപതി, ഗവർണർമാർ പങ്കെടുക്കുന്ന ചടങ്ങുകളിലും മൂന്ന് മിനിറ്റും 10 സെക്കൻറും ദൈർഘ്യമുള്ള വന്ദേ മാതരം ആലപിക്കണമെന്നാണ് നിർദേശം. ദേശീയ ഗീതമായ ‘വന്ദേ മാതരം’ ആലപിക്കുന്ന സമയത്ത് എല്ലാവരും ബഹുമാനപുരസരം എഴുന്നേറ്റു നിൽക്കണമെന്നും നിർദേശമുണ്ട്. എന്നാൽ ന്യൂസ് റീൽ, ഡോക്യുമെൻററി സിനിമാ പ്രദർശനം എന്നിവിടങ്ങളിൽ വന്ദേ മാതരം പ്ലേ ചെയ്യുമ്പോൾ എഴുന്നേൽക്കേണ്ടതില്ല. 1937-ൽ കോൺഗ്രസ് കമ്മിറ്റി നീക്കം ചെയ്ത നാല് വരികൾ ഉൾപ്പെടെ വന്ദേ മാതരത്തിലെ ആകെ ആറ് വരികളും ഇനി മുതൽ ആലപിക്കണം.
ദേശീയ ഗാനത്തിനുള്ള സുരക്ഷയും പ്രോട്ടോക്കോളും ഇനി മുതൽ ദേശീയ ഗീതമായ വന്ദേ മാതരത്തിനും ബാധകമായിരിക്കും. ദേശീയ ഗീതത്തെ അപമാനിക്കുകയോ തടസപ്പെടുത്തുകയോ ചെയ്യുന്നവർക്ക് ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയുന്ന നിയമം പ്രകാരം മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നും നിർദേശത്തിൽ പരാമർശിക്കുന്നു.
