ഇടുക്കി: നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് നിർവഹിച്ചു. ഇലക്ട്രോണിക്- ഓൺലൈൻ മാധ്യമങ്ങളിൽ നൽകുന്ന പരസ്യങ്ങൾക്ക് അംഗീകാരം നൽകുന്നതിനും പണമോ പാരിതോഷികമോ സ്വീകരിച്ച് നൽകുന്ന വാർത്തകൾ നിരീക്ഷിക്കുന്നതിനുമായുള്ള സംവിധാനമാണിത്. ജില്ലാ കളക്ടർ ചെയർമാനായും ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രസാദ് ഐ.ആർ. മെമ്പർ സെക്രട്ടറിയായും സബ് കളക്ടർ അനൂപ് ഗാർഗ്, *സാമൂഹിക മാധ്യമ വിദഗ്ധൻ ഐ.ടി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ലിജോഷ് ജോൺ,* ആകാശവാണി ദേവികുളം ഡെപ്യൂട്ടി ഡയറക്ടർ പി.എൻ. സുഭാഷ്, ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി എന്നിവർ അംഗങ്ങളായുമാണ് സമിതിയുടെ പ്രവർത്തനം.
ജില്ല ഇൻഫർമേഷൻ ഓഫീസിന്റെ മീഡിയ ഹാളിലാണ് എം.സി.എം.സി സജ്ജമാക്കിയിട്ടുള്ളത്. മാധ്യമ നിരീക്ഷണത്തിനും പരസ്യങ്ങളുടെ സാക്ഷ്യപ്പെടുത്തലിനുമായി വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ ഉദ്യോഗസ്ഥരും ജേണലിസം വിദ്യാർഥികളുമടങ്ങുന്ന സംഘം രണ്ട് ഷിഫ്റ്റുകളിലായാണ് പ്രവർത്തിക്കുക. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബ മാത്യു , ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രസാദ് ഐആർ, ഫിനാൻസ് ഓഫീസർ സുജികുമാർ കെ. എ., അസിസ്റ്റന്റ് എഡിറ്റർ സുനിൽകുമാർ എം.എൻ., അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ അരുൺ എം., എം.സി.എം.സി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
*എം.സി.എം.സി പ്രവർത്തനം*
പെയ്ഡ് ന്യൂസ്, ഏകപക്ഷീയ വാർത്തകൾ, മുൻകൂർ അനുമതിയില്ലാതെയുള്ള പരസ്യ പ്രസിദ്ധീകരണം, സംപ്രേഷണം എന്നിവ കണ്ടെത്തി നടപടി സ്വീകരിക്കുക, ബന്ധപ്പെട്ട സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് കണക്കിൽ ഉൾപ്പെടുത്തുക, സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളിൽ നൽകാനുള്ള രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർഥികളുടെയും പരസ്യങ്ങൾക്ക് മുൻകൂർ അനുമതി നൽകുക, പോസ്റ്റർ, ഹാൻഡ്ബിൽസ് തുടങ്ങിയവയിൽ പബ്ലിഷറുടെയും പ്രിന്ററുടെയും പേരും മേൽവിലാസവും രേഖപ്പെടുത്തിയെന്ന് പരിശോധിക്കുക തുടങ്ങിയവയാണ് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) യുടെ ചുമതലകൾ. പത്രങ്ങൾ, ടെലിവിഷൻ, ചാനലുകൾ, പ്രാദേശിക കേബിൾ ചാനലുകൾ, റേഡിയോ, സാമൂഹ്യമാധ്യമങ്ങൾ, എസ്.എം.എസ്/ വോയിസ് മെസേജസ്, തീയറ്ററുകൾ ഉൾപ്പെടെയുള്ള മറ്റ് ദൃശ്യശ്രാവ്യ മാധ്യമസങ്കേതങ്ങൾ, പൊതുസ്ഥലങ്ങളിലെ വീഡിയോ ഓഡിയോ പ്രദർശനം, ദിനപ്പത്രങ്ങളുടെ ഇ പേപ്പറുകൾ, സാമൂഹികമാധ്യങ്ങൾ, വെബ്സൈറ്റുകൾ തുടങ്ങിയവയിലെ പരസ്യങ്ങൾക്കെല്ലാം മുൻകൂർ അനുമതി തേടിയിരിക്കണം.
ഇതര രാജ്യങ്ങളെക്കുറിച്ചുള്ള വിമർശനം, ഏതെങ്കിലും മതം, സമുദായം എന്നിവയ്ക്കെതിരെയുള്ള ആക്രമണം, അപകീർത്തികരവും അശ്ലീലവുമായ പരാമർശം, അക്രമം പ്രോത്സാഹിപ്പിക്കൽ, കോടതിയലക്ഷ്യം, പ്രസിഡന്റ്, ജുഡീഷ്യറി എന്നിവയുടെ വിശ്വാസ്യതയെ പരാമർശിക്കൽ, രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, പരമാധികാരം, എന്നിവയ്ക്കെതിരെയുള്ളതും, ഏതെങ്കിലും വ്യക്തിയെ പേരു പറഞ്ഞു വിമർശിക്കുന്ന പരസ്യങ്ങൾ തുടങ്ങിയവ അനുവദിക്കില്ല. ആരാധനാലയങ്ങളുടെ ചിത്രങ്ങൾ, അടയാളങ്ങൾ, പ്രതീകങ്ങൾ എന്നിവ സമൂഹമാധ്യമ പോസ്റ്റുകളിലും പ്രചാരണഗാനങ്ങളിലും ഉൾപ്പെടുത്തരുത്. പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഫോട്ടോ, ഏതെങ്കിലും നേതാവിന്റെയോ പ്രവർത്തകരുടെയോ സ്വകാര്യ ജീവിതത്തെ ബാധിക്കുന്ന വിവരങ്ങൾ, സ്ഥിരീകരിക്കാത്ത ആരോപണങ്ങൾ സംബന്ധിച്ച വിമർശനങ്ങൾ തുടങ്ങിയവയും ഉപയോഗിക്കരുത്.
*അപേക്ഷ മൂന്നു ദിവസം മുൻപ് സമർപ്പിക്കണം*
അംഗീകൃത പാർട്ടികളുടെ സ്ഥാനാർഥികളും പ്രതിനിധികളും പരസ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിന് മൂന്നു ദിവസം മുൻപെങ്കിലും അപേക്ഷ നിശ്ചിത ഫോമിൽ എം.സി.എം.സി സെല്ലിൽ സമർപ്പിക്കണം. രജിസ്റ്റർ ചെയ്യാത്ത പാർട്ടികളോ വ്യക്തികളോ ആണെങ്കിൽ ഏഴു ദിവസം മുൻപ് അപേക്ഷ നൽകണം. പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ട് പകർപ്പുകളും സാക്ഷ്യപ്പെടുത്തിയ ആശയകുറിപ്പും (ട്രാൻസ്ക്രിപ്റ്റും) സമർപ്പിക്കണം. പരസ്യത്തിന്റെ നിർമാണച്ചെലവ്, ടെലികാസ്റ്റ് ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് തുടങ്ങിയവ വ്യക്തമാക്കണം. പരസ്യം പ്രദർശിപ്പിക്കുന്നതിനുള്ള പണം ചെക്ക്/ ഡിമാന്റ് ഡ്രാഫ്റ്റ് ആയേ നൽകൂവെന്ന പ്രസ്താവനയും അനുബന്ധമായി ഉൾപ്പെടുത്തണം. സമിതിയുടെ അനുമതിയില്ലാത്ത മാധ്യമ പരസ്യങ്ങൾ രാഷ്ട്രീയപാർട്ടികളോ സ്ഥാനാർത്ഥികളോ ഉപയോഗിക്കാൻ പാടില്ല.
ടിവി /കേബിൾ ടിവി ചാനലുകളിലെ പരസ്യങ്ങൾക്കും, ബൾക്ക് എസ്.എം.എസുകൾക്കും വോയിസ് മെസേജുകൾക്കും (വലിയ സംഖ്യ ഹ്രസ്വ സന്ദേശങ്ങൾക്കും, ശബ്ദ സന്ദേശങ്ങൾക്കും) നിയമം ബാധകമായിരിക്കും. സാമൂഹിക മാധ്യമം, ഇ-പേപ്പറുകൾ എന്നിവയിൽ നൽകുന്ന പരസ്യങ്ങൾക്കും പ്രീ-സർട്ടിഫിക്കേഷൻ നേടിയിരിക്കണം. ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ പ്രവർത്തിക്കുന്ന എംസിഎംസി സെല്ലിലാണ് അപേക്ഷ നൽകേണ്ടത്. മീഡിയ സർട്ടിഫിക്കേഷൻ ആന്റ് മോണിട്ടറിംഗ് കമ്മിറ്റിയുടെ ഇമെയിൽ- mcmcidk2026@gmail.com.
