തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരുടെ സ്വതന്ത്ര കൂട്ടായ്മയായ “ഫോർ അസ്, ബൈ അസ്” (നമുക്ക് നമ്മൾ മാത്രം) എന്ന സംഘടനയുടെ നേതൃത്വത്തിൽ ഇളദേശം വനിതാ-ശിശു വികസന വകുപ്പ്, കരിമണ്ണൂർ പഞ്ചായത്തിലെ ജീവനക്കാർ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയെ സന്ദർശിച്ച് ജീവനക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങളും പ്രതിസന്ധികളും ഉൾപ്പെടുത്തിയ നിവേദനം കൈമാറി. സംഘടനയുടെ നേതാവ് കെ.കെ ബിന്ദുവിന്റെ നേതൃത്വത്തിൽ നൽകിയ നിവേദനത്തിൽ, പ്രോജക്ട് തല ക്ലസ്റ്റർ മീറ്റിംഗുകളിൽ പങ്കെടുക്കുന്ന അങ്കണവാടി ജീവനക്കാർക്ക് മുൻപ് അനുവദിച്ചിരുന്ന യാത്രാബത്ത പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ, കാലാനുസൃതമായ മെനു പരിഷ്കരണം, അങ്കണവാടികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട മറ്റ് അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ, ജീവനക്കാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ എന്നിവയും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. നിവേദനം സ്വീകരിച്ച മന്ത്രി, ജീവനക്കാരുടെ ആവശ്യങ്ങളും നിർദേശങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും, ക്ലസ്റ്റർ മീറ്റിംഗുകളിലെ യാത്രാബത്ത പുനഃസ്ഥാപിക്കുന്ന കാര്യം പരിശോധിക്കുമെന്നും, അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വർധിപ്പിക്കുന്നതിനുള്ള നടപടികൾ നടപ്പിലാക്കാൻ ശ്രമിക്കുമെന്നും ഉറപ്പുനൽകി. ജീവനക്കാരായ സിമി സിജു, രജനി ജോയി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
