ഇടുക്കി: സർക്കാർ ഭൂമി കൈയേറി അനധികൃത നിർമ്മാണം നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനം. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്, എംഎൽഎമാരായ റോയ് കെ. പൗലോസ്, സിറിയക് തോമസ്, സേനാപതി വേണു എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ ദിവസം ശക്തമായ മഴയിൽ തൊടുപുഴ നഗരത്തിലുടനീളം വെളളക്കെട്ടുണ്ടായത് അനധികൃതമായി പുഴ കൈയേറി നിർമ്മാണം നടത്തിയതിനാലും വെള്ളം ഒഴുകിപ്പോകുന്ന ഓവുകളുടെ വീതി കുറഞ്ഞതും മൂലമാണെന്ന് ചീഫ് വിപ്പ് പറഞ്ഞു. അനധികൃത നിർമ്മാണങ്ങൾ മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമാക്കുന്നതിന് സാഹചര്യമൊരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിൽ സർവേ നടത്തി കൈയേറ്റം ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കാൻ തൊടുപുഴ തഹസിൽദാറെയും നഗരസഭാ സെക്രട്ടറിക്കും ജില്ലാ കളക്ടർ നിർദേശം നൽകി. ചൊക്രമുടി, പരുന്തുംപാറ, വരാട്ടുമേട് എന്നിവിടങ്ങളിലെ കൈയേറ്റങ്ങളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ എംഎൽഎമാർ ആവശ്യപ്പെട്ടു. ഓരോ താലൂക്കിലെയും കൈയേറ്റങ്ങളുടെ പട്ടിക തയാറാക്കി വരികയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
