തിരുവനന്തപുരം: നരകത്തീയിൽ വെന്ത് മരിക്കണമെന്ന ശാപവാക്ക് ചൊരിഞ്ഞവർ മാണി സാറിന് സ്മാരകം പണിയാൻ സ്ഥലം അനുവദിച്ചത് സന്തോഷകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പത്ത് വർഷത്തിനു ശേഷമുള്ള സർക്കാർ തീരുമാനത്തിന് യു.ഡി.എഫ് നിമിത്തമായതിൽ സന്തോഷം. ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നപ്പോൾ സങ്കടപ്പെടുന്നവർക്ക് സി.പി.എം നേതാക്കൾ ബി.ജെ.പിയിൽ ചേർന്നപ്പോൾ ഒരു സങ്കടവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഐഷ പോറ്റി പോയതിന്റെ കടം തീർക്കാൻ ഷാനി മോൾ ഉസ്മാൻ സി.പി.എമ്മിൽ ചേരുമെന്ന വ്യാജ പ്രചരണം എ.കെ.ജി സെന്ററിൽ ഇരിക്കുന്നവർ നടത്തുന്നു. ശബരിമലയിൽ അൻപത് വർഷം മുൻപുള്ളത് അന്വേഷിച്ചാലും സി.പി.എം നേതാക്കളുടെ സ്വർണക്കൊള്ള മറയ്ക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ വ്യക്തമാക്കി.
