ഇടുക്കി: മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിയോട് ചേർന്ന് പുതിയ എമർജൻസി ഓപ്പറേഷൻ തീയറ്റർ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന മെഡിക്കൽ കോളേജ് ആശുപത്രി മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തീയറ്ററിന്റെ പ്രവർത്തനത്തിനാവശ്യമായ അസിസ്റ്റന്റ് പ്രൊഫസർ, സീനിയർ റസിഡന്റ്, സ്റ്റാഫ് നേഴ്‌സ് തുടങ്ങിയ തസ്തികകളിലെ ഒഴിവുകൾ അടിയന്തിരമായി നികത്തുന്നതിന് നടപടികൾ സ്വീകരിക്കും.
മൂന്ന് അസിസ്റ്റന്റ് പ്രൊഫസർമാരുടെയും രണ്ട് സീനിയർ റസിഡന്റുമാരുടെയും ഒഴിവുകളാണ് നിലവിലുള്ളത്. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കിൽ വേഗത്തിൽ നിയമന നടപടികൾ സ്വീകരിക്കുന്നതിന് സർക്കാർ ഇടപെടൽ തേടും. പുതിയ ഓപ്പറേഷൻ തീയറ്ററും, കൂടുതൽ തസ്തികകളും വരുന്നതോടെ മെഡിക്കൽ കോളജ് വിദ്യാർത്ഥികൾക്കും രോഗികൾക്കും ഏറെ പ്രയോജനം ലഭിക്കും. ഓപ്പറേഷൻ തീയറ്ററർ പ്രവർത്തനക്ഷമമാകുന്നതോടെ സർജറി, ഓർത്തോ വിഭാഗങ്ങൾക്ക് കൂടി ഇവിടക്കേ് മാറ്റാൻ കഴിയും. കൂടാതെ വിദ്യാർത്ഥികളുടെ പഠനത്തിനും സൗകര്യമൊരുക്കാൻ സാധിക്കും. 21ന് മെഡിക്കൽ കോളേജ് വിഷയവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തിൽ യോഗം ചേരും. മെഡിക്കൽ കോളേജ് നിർമ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്ന കിറ്റ്‌കോയുടെ എം.ഡി, സീനിയർ പ്രോജക്ട് മാനേജർ എന്നിവരും യോഗത്തിൽ പങ്കെടുക്കും. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ ഉന്നയിച്ച വിഷയങ്ങൾ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സി.വി വർഗീസ്, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.സുരേഷ് വർഗീസ്, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
