വാഷിങ്ങ്ടൺ: അമേരിക്കയും ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം അഞ്ചാംദിവസത്തിലേക്ക് കടക്കുമ്പോൾ പശ്ചിമേഷ്യ വലിയൊരു യുദ്ധമുനമ്പായി മാറിയിരിക്കുകയാണ്. എന്നാൽ യുദ്ധം നീണ്ടുപോയാൽ അമെരിക്കയുടെ ആയുധശേഖരം പ്രതിസന്ധിയിലാകുമെന്ന് പെൻറഗണിൽ നിന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.
ഇറാനെതിരെയുള്ള ആക്രമണം പത്ത് ദിവസം കൂടി ഇതേ രീതിയിൽ തുടർന്നാൽ നിർണായകമായ മിസൈലുകളുടെ ശേഖരം തീർന്നുപോകാൻ സാധ്യതയുണ്ടെന്നാണ് സൂചന. പ്രത്യേകിച്ച് മിസൈലുകളെ തകർക്കാൻ ഉപയോഗിക്കുന്ന താഡ്, എസ് എം-3 തുടങ്ങിയ പ്രതിരോധ മിസൈലുകളുടെ ലഭ്യതയിൽ വലിയ കുറവുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ആയുധ ഉൽപ്പാദനത്തിൻറെ കാര്യത്തിൽ ഇറാൻ കൈവരിച്ചിരിക്കുന്ന വേഗത അമെരിക്കയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. അതേസമയം ആയുധശേഖരം കുറവാണെന്ന പെൻറഗണിൻറെയും സൈനിക മേധാവി ജനറൽ ഡാൻ കെയ്നിൻറെയും മുന്നറിയിപ്പുകളെ തള്ളിക്കളയുന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. അമെരിക്കയുടെ പക്കൽ വൻ ആയുധശേഖരം ഉണ്ടെന്നും, ഈ ആയുധങ്ങൾ ഉപയോഗിച്ച് എത്രകാലം വേണമെങ്കിലും യുദ്ധം ചെയ്യാമെന്നും ട്രംപ് തൻറെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അവകാശപ്പെട്ടു. ഈ യുദ്ധം വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ടെന്നും പ്രതിരോധ വക്താക്കൾ വ്യക്തമാക്കി.
