VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

എം.ബി.ബി.എസ് പ്രവേശനം പ്ലസ് റ്റൂ മാർക്കിൻ്റെ അടിസ്ഥാനത്തിൽ വേണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: നീറ്റ് പരീക്ഷയിൽ ചോദ്യപേപ്പർ ചോർച്ചകൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ, ഈ പരീക്ഷാ സമ്പ്രദായത്തിനെതിരേ കടുത്ത നിലപാടുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. കേന്ദ്ര സർക്കാരിൻറെ പരീക്ഷാ രീതിക്കെതിരേ രൂക്ഷവിമർശനം ഉന്നയിച്ച വിജയ്, നീറ്റ് പരീക്ഷ പൂർണമായും നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടു.

സാമൂഹ്യമാധ്യമമായ എക്സിലൂടെയാണ് (X) അദ്ദേഹം തൻറെ നിലപാട് വ്യക്തമാക്കിയത്. പ്ലസ് ടു മാർക്കിൻറെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ സംസ്ഥാനങ്ങളെ അനുവദിക്കണമെന്നാണ് വിജയ്‌യുടെ ആവശ്യം.

മെഡിക്കൽ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ഓരോ സംസ്ഥാനത്തിനും സ്വയംഭരണാധികാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയതലത്തിലുള്ള ഇത്തരം പരീക്ഷകളുടെ ഘടനാപരമായ തകരാറുകൾക്ക് തെളിവാണ് തുടർച്ചയായുണ്ടാകുന്ന ചോദ്യപേപ്പർ ചോർച്ചയെന്ന് വിജയ് ചൂണ്ടിക്കാട്ടി. 2024-ലെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ആറ് സംസ്ഥാനങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും കേസ് സിബിഐക്ക് കൈമാറുകയും ചെയ്തിരുന്നു.

പരീക്ഷാ പരിഷ്‌കരണത്തിനായി ഇസ്രൊ മുൻ ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻറെ നേതൃത്വത്തിലുള്ള സമിതി 95 ശുപാർശകൾ സമർപ്പിച്ചെങ്കിലും രണ്ട് വർഷത്തിനുള്ളിൽ വീണ്ടും ചോർച്ചയുണ്ടാവുകയും പരീക്ഷ റദ്ദാക്കേണ്ടി വരികയും ചെയ്ത സാഹചര്യം അദ്ദേഹം വിവരിച്ചു. ഗ്രാമീണ മേഖലയിലെയും സാധാരണ കുടുംബങ്ങളിലെയും വിദ്യാർഥികൾക്ക് നീറ്റ് പരീക്ഷ വലിയ തിരിച്ചടിയാണെന്ന് വിജയ് ചൂണ്ടിക്കാട്ടുന്നു. പണം നൽകി കോച്ചിങ് ക്ലാസുകളിൽ പോകാൻ കഴിയുന്നവർക്ക് മാത്രം നീറ്റ് അനുകൂലമാകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തമിഴ്‌നാട്ടിലെ മെഡിക്കൽ സീറ്റുകൾ പന്ത്രണ്ടാം ക്ലാസ് മാർക്കിൻറെ അടിസ്ഥാനത്തിൽ നൽകണമെന്ന ആവശ്യം കേന്ദ്രം അംഗീകരിക്കണമെന്ന് അദ്ദേഹം തൻറെ കുറിപ്പിൽ വ്യക്തമാക്കി. മുൻപ് തമിഴ്‌നാടിന് പ്രവേശന പരീക്ഷകളിൽ നിന്ന് ഇളവ് നൽകിയിരുന്ന കാര്യവും, 2017-ൽ നീറ്റ് നിർബന്ധമാക്കിയതിനെത്തുടർന്ന് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ച കാര്യവും വാർത്തയിൽ അദ്ദേഹം അനുസ്മരിച്ചു. തമിഴ് നാട്ടിൽ ഡിഎംകെ സർക്കാർ സ്വീകരിച്ചിരുന്ന നീറ്റ് വിരുദ്ധ നിലപാടാണ് വിജയ്‌യും പിന്തുടരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *