ആൻ്റണി പുത്തൻപുരയ്ക്കൽ
നമ്മുടെ ശിരസ്സിനകത്ത് നിരന്തരം ഒഴുകുന്ന ചിന്തകളുടെയും അഹം ബോധം നമ്മെക്കുറിച്ച് പണിതുയർത്തുന്ന കഥകളുടെയും ചിത്രങ്ങളുടെയും അടിയിലേക്ക് ഒരിക്കലെങ്കിലും നിങ്ങൾ ശ്രദ്ധ തിരിച്ചിട്ടുണ്ടോ? അവ ശമിക്കുന്നിടത്ത്, അഹം ബോധത്തിന്റെ പരിധികളെ അതിജീവിച്ച് നിലകൊള്ളുന്ന, ‘ഞാൻ’ എന്ന് വിളിക്കാനാവാത്തെങ്കിലും ‘ഞാനാണ്’ എന്ന് അനുഭവപ്പെടുന്ന ഒരു നിശ്ശബ്ദ കേന്ദ്രസാന്നിധ്യത്തിലേയ്ക്ക്. യുങ്ഗിയൻ മനശ്ശാസ്ത്രത്തിൽ സ്വത്വം (Self) എന്ന് വിളിക്കപ്പെടുന്ന ആ അംശം നിങ്ങൾ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുണ്ടോ?
ഗ്രീക്ക് കവിയും തത്ത്വചിന്തകനുമായ പിൻഡാറിന്റെ (c. 520–446 BC) കവിതയിൽ നിന്ന് ഉത്ഭവിച്ച ഒരു പുരാതന ഗ്രീക്ക് പഴഞ്ചൊല്ലാണ് “നിങ്ങൾ ആരാണോ അത് ആയിത്തീരുക” (genoio, hoios essi, (Γένοιο οἷος ἔσσι).
ഫ്രെഡറിക് നീറ്റ്ഷെയെ വളരെയേറെ ആകർഷിച്ച ഈ വാചകം എന്നും പാശ്ചാത്യ തത്ത്വചിന്തയുടെ വികാസത്തിലെ ഏറ്റവും കേന്ദ്ര പദമായി തുടരുന്നു. അതുപോലെ ഈ വാക്യം എല്ലാ കാലത്തെയും ചിന്തകരുടെ പ്രസ്താവനകളുടെ ഒരു ക്ലാസിക്കൽ ആദിരൂപമായി (Archetype) ഇന്നും തുടരുന്നു. പിൻഡാറിന്റെ രണ്ടാമത്തെ പൈഥിയൻ സ്തുതിഗാനത്തിലെ വരി ( Pythian ode) ഇങ്ങനെയാണ്: “നിങ്ങൾ ആരാണോ, അനുഭവസമ്പന്നരാകുക” മനുഷ്യന്റെ വളർച്ചയെക്കുറിച്ചും വ്യക്തിത്വ വികാസത്തെക്കുറിച്ചുമുള്ള ആശയങ്ങൾ സിഗ്മണ്ട് ഫ്രോയിഡ്, ആൽഫ്രഡ് അഡ്‌ലർ, സി. ജി. ജങ് എന്നിവർക്കും മുമ്പേ നിലനിന്നിരുന്നുവെന്ന് മേൽ ഉദ്ധരിച്ച വാചകങ്ങളിൽ നിന്നും നമുക്ക് വ്യക്തമാകും . ഈ കാഴ്ചപ്പാടനുസരിച്ച് മനുഷ്യവികസനം വെറും ഭൂതകാല അനുഭവങ്ങളാൽ മാത്രം നിർണയിക്കപ്പെടുന്നതല്ല; ഭാവിയിൽ നമുക്ക് എന്താകുവാൻ കഴിയും എന്ന സാധ്യതയും ചൂണ്ടിക്കാണിക്കുന്നു.
അരിസ്റ്റോട്ടിലിന്റെ എന്റലിച്ചി (ἐντελέχεια (entelecheia) എന്ന ഗ്രീക്ക് വാക്കിന്റെ ആശയം, ഒരു ജീവിയുടെയോ, വസ്തുവിന്റെയോ ഉള്ളിൽ തന്നെ അതിന്റെ പൂർണതയുടെ വിത്ത് അടങ്ങിയിരിക്കുന്നു എന്നതാണ് ഈ ആശയത്തിന്റെ സാരം. ഒരു വിത്തിൽ നിഗൂഢമായി നിലനിൽക്കുന്ന വൃക്ഷം പൂർണമായി സാക്ഷാത്കരിക്കപ്പെടുന്നതുപോലെ, ഓരോ സാധ്യതയും അതിന്റെ സമ്പൂർണ യാഥാർത്ഥ്യത്തിലേക്ക് വളരുന്നതിനെ ഇതു സൂചിപ്പിക്കുന്നു. ഒരു വിത്തിനുള്ളിൽ ഒരു വൃക്ഷത്തിന്റെ സാധ്യത ഒളിഞ്ഞിരിക്കുന്നതുപോലെ, ഓരോ മനുഷ്യന്റെയും ഉള്ളിൽ അവൻ അല്ലെങ്കിൽ അവൾ ആകുവാൻ കഴിവുള്ള ഒരു സമ്പൂർണ വ്യക്തിത്വത്തിന്റെ സാധ്യത ഒളിഞ്ഞിരിക്കുന്നു. അതിനാൽ, വ്യക്തിവികസനം പുതിയതായി എന്തെങ്കിലും സൃഷ്ടിക്കുന്നതല്ല; മറിച്ച് നമ്മുടെ ഉള്ളിൽ തന്നെ നിഗൂഢമായി നിലനിൽക്കുന്ന ആ സാധ്യതകളെ കണ്ടെത്തുകയും യാഥാർത്ഥ്യമാക്കുകയും ചെയ്യുന്നതാണ്. “നിങ്ങൾ യഥാർത്ഥത്തിൽ ആരാകുവാൻ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നുവോ, അതായി മാറുക” എന്ന ആശയം നമ്മുടെ ഉള്ളിൽ ഇതുവരെ പൂർണ്ണമായി പ്രകടമാകാത്ത ചില സാധ്യതകളും കഴിവുകളും ഒളിഞ്ഞുകിടക്കുന്നു എന്ന ധാരണയെ സൂചിപ്പിക്കുന്നു. വ്യക്തിവികസനം ഒരു നിശ്ചിത മാതൃകയിലേക്കോ, ഒരേയൊരു ലക്ഷ്യത്തിലേക്കോ നീങ്ങുന്ന ഒരു യാത്രയല്ല. മറിച്ച്, ഓരോ വ്യക്തിയും തന്റെ സ്വതസിദ്ധമായ കഴിവുകളും സാധ്യതകളും കണ്ടെത്തുകയും അവയെ പൂർണമായി വിരിയിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് അത്. നമ്മുടെ ഉള്ളിൽ ഒരു വിത്തുപോലെ ഒളിഞ്ഞുകിടക്കുന്ന, ഇതുവരെ പൂർണമായി വികസിക്കാത്ത ഒരു സാധ്യതയുണ്ട്. വ്യക്തിവികസനം എന്നത് ആ സാധ്യതയെ കണ്ടെത്തി ജീവിതത്തിൽ സാക്ഷാത്കരിക്കുന്ന പ്രക്രിയയാണ്.
ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തിൽ, മിക്ക ആളുകളും നിശബ്ദവും എന്നാൽ സ്ഥിരവുമായ ഒരു ചോദ്യം സ്വയം നേരിടാറുണ്ട്:
ഞാൻ ആരാണ് ശരിക്കും?
നിങ്ങൾ നിർമ്മിച്ച സാമൂഹിക വേഷങ്ങൾ (persona) ഓരോന്നായി നിശ്ശബ്ദമാകുമ്പോൾ, ജീവിതമാകുന്ന കണ്ണാടിയിൽ പ്രതിഫലിക്കുന്നത് നിങ്ങൾ ഒരിക്കലും അംഗീകരിക്കുവാൻ ഇഷ്ടപ്പെടാതിരുന്ന നിങ്ങളുടെ തന്നെ നിഴൽസ്വരൂപമാണ് (shadow). ആ നിമിഷത്തിലാണ് ‘ഞാൻ ആരാണ്?’ എന്ന ചോദ്യം ആദ്യമായി തുടങ്ങുന്നത്. നിങ്ങൾ ഇക്കാലമത്രയും ധരിച്ചിരുന്ന വേഷങ്ങളിൽ നിന്ന് ഒഴിഞ്ഞ്, സ്വന്തം സമഗ്രസ്വത്വത്തിലേക്ക് നീങ്ങുന്ന പ്രക്രിയയുടെ പേരാണ് സ്വത്വസാക്ഷാത്കാരം (individuation).
നിങ്ങളുടെ ചുറ്റുമുള്ളതെല്ലാം ക്രമത്തിലായിരിക്കാം — ബന്ധങ്ങൾ, ഉത്തരവാദിത്തങ്ങൾ, വർഷങ്ങളെടുത്ത് ശേഖരിച്ച നേട്ടങ്ങൾ. ഇവയെല്ലാം നിങ്ങൾ വളരെ സ്വാഭാവികമായി ധരിക്കുന്ന നിങ്ങളുടെ സാമൂഹ്യ ജീവിതവേഷങ്ങളാണ്. ഒരിക്കൽ നിങ്ങൾ അറിഞ്ഞോ, അറിയാതെയോ ധരിച്ച, കാലക്രമേണ നിങ്ങളുടെ തന്നെ മുഖമെന്ന പോലെ മാറിയ വേഷങ്ങളാണിവ. ഈ വേഷങ്ങൾ അത്രയധികം നിങ്ങളിൽ പതിഞ്ഞുപോയതിനാൽ, അവ വേഷങ്ങളാണെന്ന സത്യം പോലും നിങ്ങൾ മറന്നുപോകുവാൻ സാധ്യതയുണ്ട്. എന്നിട്ടും, നിങ്ങളിൽ എന്തോ ഒന്ന്, ശാന്തവും സ്ഥിരവും അതിശയകരമാം വിധം ക്ഷമയുള്ളതുമായ ഒന്ന്, നിശ്ശബ്ദമായി തുടർച്ചയായി നിലനിൽക്കുന്നു. അത് നിലവിളിക്കുന്നില്ല, ഒന്നും ആവശ്യപ്പെടുന്നില്ല. തിരക്കുകൾ നിറഞ്ഞ ജീവിതത്തിനിടയിൽ പോലും, ഒരിക്കലും പൂർണ്ണമായി ഉത്തരം ലഭിക്കാത്ത ആ ഒരു ചോദ്യം ചോദിക്കുന്നത് അവസാനിപ്പിക്കുവാൻ അത് വിസമ്മതിക്കുന്നു. അതാണ് വേഷങ്ങൾക്കപ്പുറമുള്ള നിങ്ങളുടെ സത്യമായ സ്വരൂപം, നിങ്ങളെ നിങ്ങളിലേയ്ക്കു തന്നെ തിരിച്ചു വിളിക്കുന്ന നിശബ്ദ ആഹ്വാനം.
ഞാൻ ആരാണ് എന്ന ഈ നിശ്ശബ്ദ ചോദ്യം ഒരിക്കൽ നമ്മിൽ ഒരു വഴിത്തിരിവാകുന്നു. അത് നമ്മിൽ സംഭവിക്കുവാൻ നമ്മുടെ ജീവിതത്തിൽ ഒരു ദുരന്തം ഉണ്ടാകണമെന്നില്ല; ചിലപ്പോൾ അത് ഒരു ക്ഷീണം മാത്രമാകാം, അല്ലെങ്കിൽ ഒരുപാട് കാലമായി “ഞാൻ” എന്ന് വിളിച്ചിരുന്ന നിങ്ങളുടെ യഥാർഥ സത്തയുമായുള്ള ഒരു അസ്പഷ്ടമായ അകലം. ഇവിടെ തന്നെയാണ് സ്വത്വസാക്ഷാത്കാരം ആരംഭിക്കുന്നത്, ഇത് പുതിയ ഒരാളാകുവാനുള്ള ശ്രമമല്ല, മറിച്ച് നിങ്ങളല്ലാത്തതെല്ലാം – മുഖംമൂടികൾ, ശീലങ്ങൾ, അഭിലാഷങ്ങൾ, ഭയങ്ങൾ – എന്നിവയെല്ലാം സാവധാനം വിട്ടൊഴിയുവാനുള്ള ധൈര്യം. കാൾ ജുംഗിൻ്റെ അഭിപ്രായത്തിൽ, ഇത് നിങ്ങളുടെ അഹംബോധത്തിൻ്റ വിപുലീകരണമല്ല; അതിൻ്റെ വിനയമാണ്. ഈ സമയത്ത് നിങ്ങളുടെ പൊളിഞ്ഞുവീഴുന്ന സാമൂഹിക മുഖത്തിൻ്റെ (Persona) ഉറപ്പുകൾ ഇവിടെ മങ്ങിത്തുടങ്ങുന്നു; നിങ്ങളുടെ നിഴൽ-സത്വം (shadow–self) നിശബ്ദമായി മുൻവാതിൽക്കൽ എത്തി നിൽക്കുന്നു. ഇതൊരു വിപ്ലവ നിമിഷമല്ല, മറിച്ച് ഒരു സമ്മതം, “ഞാൻ അഭിനയിച്ച വേഷങ്ങൾ മാത്രമല്ല ഞാൻ” എന്ന തിരിച്ചറിവ്. ആ തിരിച്ചറിവും സമ്മതവും ഉണ്ടാകുന്ന നിമിഷം മുതൽ, ജീവിതം പുറത്തേക്ക് നീങ്ങുന്നതുപോലെ നിങ്ങൾക്ക് അനുഭപ്പെട്ടാലും, അകത്ത് ഒരു ആഴമേറിയ കേന്ദ്രത്തിലേക്ക് തിരിഞ്ഞ് നടക്കുവാൻ നിങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
സ്വത്വസാക്ഷാത്കാരം ( ജീവിത സ്വത്വസാക്ഷാത്കാരത്തിലേക്കുള്ള യാത്ര), (individuation) എന്ന ആശയം ആദ്യമായി സിദ്ധാന്തപരവും വ്യക്തവുമായ രൂപം കൈവരിക്കുന്നത് സ്വിസ് മനോരോഗവിദഗ്ദ്ധനായ കാൾ ഗുസ്താവ് ജുംഗിൽ നിന്നുമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, അദ്ദേഹം തന്റെ വിശകലന മനഃശാസ്ത്രത്തിന്റെ കേന്ദ്ര ആശയങ്ങളിലൊന്നായി ഇതിനെ അവതരിപ്പിച്ചു. എന്നാൽ ഈ ആശയം സൂചിപ്പിക്കുന്ന യാഥാർത്ഥ്യം ജുംഗിനെക്കാൾ ഏറെ പഴക്കമുള്ളതാണ്. ദൈനംദിന ജീവിതത്തിൽ മനുഷ്യൻ ലോകവുമായി ഇടപഴകുന്നത് അവൻ ധരിക്കുന്ന സാമൂഹിക മുഖങ്ങൾ വഴിയാണ് – സ്ഥാനങ്ങൾ, ബന്ധങ്ങൾ, ഉത്തരവാദിത്വങ്ങൾ, പ്രതീക്ഷകൾ എന്നിവയ്ക്ക് യോജിച്ച ഒരു മുഖം നമുക്കെല്ലാവർക്കും ഉണ്ട്. ഈ മുഖം പ്രവർത്തനപരമായി അനിവാര്യമാണ്; സമൂഹത്തിൽ ജീവിക്കുവാൻ അതാണ് നമ്മെ സഹായിക്കുന്നത്. എന്നാൽ ഈ പുറംമുഖത്തിന് അടിയിൽ, “ഈ വേഷങ്ങൾ ഇല്ലാതാകുമ്പോൾ ഞാൻ ആരാണ്?” എന്ന ചോദ്യം നാം ഓരോരുത്തരിലും നിശ്ശബ്ദമായി നിലകൊള്ളുന്നു. ഈ ചോദ്യം ഒരു ദാർശനിക കൗതുകം മാത്രമല്ല; നമുക്ക് സ്വയംബോധം രൂപപ്പെടുന്ന നിമിഷം മുതൽ മനുഷ്യൻ അനുഭവിക്കുന്ന ആന്തരിക സംഘർഷത്തിന്റെ കേന്ദ്രമാണ്. കാരണം, മനുഷ്യൻ സമൂഹം ആവശ്യപ്പെടുന്ന ഒരാളായി മാറിക്കൊണ്ടിരിക്കുമ്പോൾ തന്നെ, അവന്റെ ഉള്ളിൽ മറ്റുളളവരാൽ പൂർണ്ണമായി നിർവചിക്കപ്പെടുവാൻ വിസമ്മതിക്കുന്ന ഒരു സത്തയും നിലനിൽക്കുന്നു. ഈ രണ്ടിനുമിടയിലെ അകലം തിരിച്ചറിയുന്ന നിമിഷത്തിലാണ് നമുക്ക് അസ്തിത്വപരമായ ബോധം ഉദിക്കുന്നത്. ജീവിക്കുന്നത് ഒരു വേഷമാകുന്നുവോ, അല്ലെങ്കിൽ വേഷങ്ങൾക്കപ്പുറം ജീവിക്കുന്ന ഒരാളായി ഞാൻ നിലനിൽക്കുന്നുണ്ടോ എന്ന ആഴമേറിയ ചോദ്യവും അന്വേഷണവുമാണത്.
ജുംഗിൻ്റെ അഭിപ്രായത്തിൽ, സ്വത്വസാക്ഷാത്കാരം എന്നത് ഒരാൾ പുതിയ ഒരാളായി മാറാനുള്ള ശ്രമം അല്ല. സമൂഹം നിർദ്ദേശിക്കുന്ന “ഞാൻ ഇങ്ങനെയൊക്കെയാണ്”, “ഞാൻ ഇങ്ങനെയാകണം”, “മറ്റുള്ളവർ എന്നെ ഇങ്ങനെയാണ് കാണേണ്ടത്,” എന്ന രൂപത്തിലേയ്ക്കോ, സ്വന്തം ആഗ്രഹങ്ങൾ കൊണ്ടു സൃഷ്ടിച്ച ഒരു മാതൃക സ്വരൂപത്തിലേയ്ക്കോ മാറുന്നതുമല്ല അത്. മറിച്ച്, ഒരാൾ അടിസ്ഥാനപരമായി ഉള്ളിൽ ഇതിനകം ഉള്ളത്, അവന്റെ സ്വഭാവം, സാധ്യതകൾ, പരിമിതികൾ, വെളിച്ചവും നിഴലും ഉൾപ്പെടുന്ന യഥാർത്ഥ സത്ത, സത്യസന്ധമായി അംഗീകരിച്ച് ജീവിക്കുവാൻ തുടങ്ങുന്ന പ്രക്രിയയാണ്.
ഈ പ്രക്രിയയിൽ, ഒരാൾ മറ്റുള്ളവരെ സന്തോഷിപ്പിക്കുവാൻ ധരിച്ച മുഖംമൂടികളിൽ നിന്ന് പതുക്കെ അകന്ന്, “ഞാൻ യഥാർത്ഥത്തിൽ എങ്ങനെയൊരു മനുഷ്യനാണ്” എന്ന ചോദ്യവുമായി ജീവസുറ്റ തന്നോടുതന്നെയുളള ഒരു ബന്ധത്തിലേക്ക് കടക്കുന്നു. ഇവിടെ നിയന്ത്രണം കുറയുന്നു, അഭിനയങ്ങൾ മങ്ങുന്നു, സ്വാഭാവികത വളരുന്നു. അതായത്, വൈയക്തീകരണം എന്നത് സ്വയം നിർമ്മിക്കൽ (self-construction) അല്ല, മറിച്ച് സ്വയം കണ്ടെത്തലും സ്വയം സമ്മതവുമാണ്. ഏറ്റവും ആഴത്തിൽ, ഏറ്റവും യഥാർത്ഥമായി, അഭിനയമില്ലാതെ സ്വയം ആയിരിക്കുവാൻ തുടങ്ങുന്ന യാത്ര.
അഹം (ego) എന്നത് “ഞാൻ” എന്ന നമ്മുടെ ബോധപൂർവമായ ഭാഗമാണ്.
നാം ദിനംപ്രതി ചിന്തിക്കുന്നതു, തീരുമാനിക്കുന്നതു, സ്വന്തം രൂപത്തെക്കറിച്ച് കരുതുന്നതു എല്ലാം അഹവുമായി ബന്ധപ്പെട്ടതാണ്. പക്ഷേ സ്വത്വം (Self) എന്നത് വ്യക്തിയുടെ അഹത്തിനോ, ബോധപൂർവ അനുഭവങ്ങളിലേക്കോ ചുരുക്കുവാനാവാത്ത ഒന്നാണ്. നമ്മുടെ ബോധവും അബോധവും ഉൾക്കൊള്ളുന്ന സമഗ്ര മാനസിക ഘടനയുടെ കേന്ദ്രമായും ഏകീകരണ തത്വമായും സ്വത്വം നിലകൊള്ളുന്നു. വ്യക്തിയുടെ ചിന്തകൾ, വികാരങ്ങൾ, ആഗ്രഹങ്ങൾ, സംഘർഷങ്ങൾ എന്നിവയെ ഒരുമിപ്പിച്ചു അർത്ഥവത്താക്കുന്ന ഈ സ്വത്വം, നമ്മിൽ തന്നെ നിലകൊള്ളുന്ന, നമ്മിൽ നിന്ന് ഒരിക്കലും പൂർണ്ണമായി വേർതിരിക്കാനാവാത്ത അടിസ്ഥാന അംശമാണ്. അതിൽ ബോധപൂർവമായ മനസ്സും, നമുക്ക് മുഴുവൻ അറിയാത്ത അബോധ മനസ്സും (unconscious mind) ഉൾപ്പെടുന്നു. അതിനാൽ സ്വത്വം എന്നത് നമ്മുടെ മുഴുവൻ ഉള്ളതിന്റെ കേന്ദ്രമാണ്.
സ്വത്വസാക്ഷാത്കാരം സ്വയം-മെച്ചപ്പെടുത്തുവാനുളള ഒരു പദ്ധതി അല്ല. അത് നമ്മിലെ അഹം ബോധം (ego) വലുതാക്കുകയോ, കൂടുതൽ കാര്യക്ഷമമാക്കുകയോ, ആകർഷണീയമാക്കുകയോ ചെയ്യുന്നില്ല. അഹം ബോധത്തെ സുതാര്യമാക്കുന്ന ഒരു പ്രക്രിയയാണിത്; അതിലൂടെ അഹം ബോധത്തെ അതിരൂക്ഷമായി നിയന്ത്രിക്കുന്ന സ്വത്വത്തിന്റെ (Self) ആഴമേറിയ വെളിച്ചം കൂടുതൽ വ്യക്തമായി അനുഭവപ്പെടുവാൻ തുടങ്ങുന്നു. ഈ പ്രക്രിയയിൽ വ്യക്തി കൂടുതൽ ‘മികച്ച’ ഒരാളാകുന്നില്ല; പകരം, അവൻ കൂടുതൽ സത്യസന്ധമായ ഒരു ആന്തരിക നിലയിലേയ്ക്കാണ് നീങ്ങുന്നത്, സ്വത്വത്തിന്റെ (Self കേന്ദ്രത്തിൽ നിന്ന് ജീവിക്കുവാൻ പഠിക്കുന്ന ഒരു അവസ്ഥയിലേക്ക്. നിരന്തരമായ ആന്തരിക പ്രവർത്തനങ്ങളിലൂടെയും യഥാർത്ഥ ജീവിതത്തിന്റെ ലളിതവും ചിലപ്പോൾ അസ്വസ്ഥവുമായ അനുഭവങ്ങളിലൂടെയും, താൻ ഏറ്റവും ആഴത്തിൽ എന്താണോ, അതാകുന്നതിൽ നിന്ന് ഒളിച്ചോടുവാൻ ശ്രമിക്കാതെ അതിനൊപ്പം നിലകൊള്ളുവാൻ പഠിച്ച ഒരാളാണ് അയാൾ.
സ്വത്വസാക്ഷാത്കാരം അല്ലെങ്കിൽ വൈയക്തീകരണം എന്നത് മനുഷ്യന്റെ ആത്യന്തികമായ നവീകരണമാണ് – പൂർണ്ണമായും, ക്ഷമാപണമില്ലാതെ സ്വയം മാറുന്നതിന്റെ മനഃശാസ്ത്രപരമായ പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന ഒരു സാഹസിക യാത്ര. സ്വിസ് മനോരോഗവിദഗ്ദ്ധനായ കാൾ ജുംഗ് വികസിപ്പിച്ചെടുത്ത ഇത്, ബോധമനസ്സിനെ അബോധമനസ്സിൻ്റെ ഇരുണ്ട, അജ്ഞാത പാളികളുമായി സംയോജിപ്പിക്കുകയും, വിഘടിച്ച നമ്മുടെ സ്വത്വത്തെ ഏകീകൃതവും പ്രതിരോധശേഷിയുള്ളതുമായ ഒന്നാക്കി മാറ്റുകയും ചെയ്യുന്ന ആജീവനാന്ത പ്രക്രിയയാണ്. നിങ്ങളുടെ വ്യക്തിത്വത്തിന്റെ സാമൂഹിക മുഖംമൂടികൾ നിങ്ങൾ തന്നെ അഴിച്ചുമാറ്റി, നിങ്ങളുടെ മറഞ്ഞിരിക്കുന്ന നിഴലുകളെ അഭിമുഖീകരിക്കുകയും, ദുർബലമായ അഹംബോധത്തിൽ നിന്ന് സ്വയം എന്നറിയപ്പെടുന്ന ആഴമേറിയതും സ്വതന്ത്രവും സുരക്ഷിതവുമായ ഒരു കേന്ദ്രത്തിലേക്ക് നിങ്ങളുടെ മാനസിക ഗുരുത്വാകർഷണം മാറ്റുകയും അവിടെ നങ്കൂരമിടുകയും ചെയ്യണമെന്ന് ഇത് നമ്മോട് ആവശ്യപ്പെടുന്നു. സ്വത്വസാക്ഷാത്കാരത്തിന് വിധേയമാകുക എന്നതിനർത്ഥം ശീലാധീനമായ സാമൂഹിക പ്രതീക്ഷകൾ, വിശ്വാസങ്ങൾ, വികാര പ്രതികരണങ്ങൾ, പെരുമാറ്റ മാതൃകകൾ അല്ലെങ്കിൽ സാംസ്കാരിക മനസ്സിലെ നിർദ്ദേശനിർമ്മാണ ക്രമീകരണങ്ങൾ എന്നിവയാൽ എഴുതപ്പെട്ട ഒരു ജീവിതം നയിക്കുന്നത് നിർത്തുക, ഒടുവിൽ നിങ്ങളുടെ സ്വന്തം ആധികാരിക അധികാരത്തിലേക്ക് കാലെടുത്തുവയ്ക്കുക എന്നതാണ്.
