ഇടുക്കി: യു.ഡി.എഫ് സർക്കാർ ഇടുക്കിയിലെ ജനങ്ങൾക്കൊപ്പമെന്ന്ബോധ്യപ്പെടുത്തുന്ന പ്രഖ്യാപനങ്ങളും പദ്ധതികളുമാണ് ബജറ്റിലുള്ളതെന്ന് റോയി കെ പൗലോസ് എം.എൽ.എ. ഇടുക്കിയിലെ ജനങ്ങൾ ഏറെ സന്തോഷത്തോടെയാണ് ഈ ബജറ്റ് പ്രഖ്യാപനത്തെ നോക്കിക്കാണുന്നത്.കാലങ്ങളായി പരിഹരിക്കപ്പെടാതെ കിടന്നിരുന്ന ഭൂപ്രശ്നങ്ങൾ അടക്കമുള്ള എല്ലാ സുപ്രധാന വിഷയങ്ങൾക്കുമുള്ള ശാശ്വത പരിഹാരം ബജറ്റിലൂടെ സർക്കാർ ഉറപ്പുനൽകുന്നുണ്ട്.
പട്ടയ വിതരണത്തിന് നിലവിലുള്ള തടസങ്ങൾ നീക്കും. സി.എച്ച്.ആർ മേഖലയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ, പട്ടയവിലക്കുകൾ, സുപ്രീം കോടതിയുടെ നിയമ തടസ്സങ്ങൾ എല്ലാം നീക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കും. സി.എച്ച്. ആർ മേഖലയിൽ നിർമ്മാണപ്രവർത്തനങ്ങൾ പാടില്ലെന്നുള്ള എൽ. ഡി. എഫ് സർക്കാരിന്റെ ഉത്തരവ് റദ് ചെയ്യുന്ന കാര്യം പരിഗണിക്കും. പട്ടയം ലഭിച്ച ഭൂമിയിൽ നടന്നിട്ടുള്ള നിർമ്മാ ണങ്ങൾ നിയമവിരുദ്ധമാണെന്നുള്ള എൽ. ഡി. എഫ് സർക്കാരിന്റെ തീരുമാനം റദാക്കി പട്ടയഭൂമിയിലെ എല്ലാ നിർമ്മാണങ്ങളും ഉപാധിരഹിതമായി ക്രമവൽക്കരിക്കും.മെഡിക്കൽ കോളേജിന്റെ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് അപര്യാപ്തതകൾ പരിഹരിച് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കും.
തോട്ടം മേഖലയിലെ ഭൂമി ടൂറിസം ആവശ്യങ്ങൾക്ക് ഉപയോഗിക്കുവാനുള്ള തീരുമാനം ജില്ലയിലെ ടൂറിസം വികസനത്തിന് കുതിപ്പേകും. പട്ടികജാതി – പട്ടിക വർഗ വിഭാഗത്തിന് ഉള്ള പ്രത്യേക പദ്ധതികൾ ജില്ലയിലെ ആയിരക്കണക്കിനാളുകൾക്ക് നേട്ടമാകും. റബ്ബറിന്റെ താങ്ങുവില 250 ആയി ഉയർത്തിയത് കർഷകർക്ക് ഏറെ ആശ്വാസവും ആത്മവിശ്വാസവും പകരും. യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങൾ പൂർണ്ണമായും ഉൾക്കൊള്ളുന്ന സർക്കാരിന്റെ പുതുക്കിയ ആദ്യ ബജറ്റ് ഇടുക്കിയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞുള്ളതാണെന്നും റോയി കെ പൗലോസ് പറഞ്ഞു.
