മട്ടന്നൂർ: ഉംറ തീർഥാടകരുമായി കണ്ണൂർ വിമാനത്താവളത്തിലേക്ക് പോയ ബസിനു തീപിടിച്ചു. ആളപായമില്ല. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ ശിവപുരത്ത് ചൊവ്വാഴ്ച പുലർച്ചെ രണ്ടിനാണ് സംഭവം. മാനന്തവാടിയിൽനിന്ന് തീർഥാടകരുമായി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ബസ്. 42 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ശിവപുരം ടൗണിൽ എത്തിയപ്പോൾ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഡ്രൈവർ ബസ് നിർത്തി. ഉടൻ തന്നെ ബസിലെ യാത്രക്കാരെ പുറത്തിറക്കുകയു സാധനങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. ഇതിനുപിന്നാലെ ബസിന് തീപിടിക്കുകയായിരുന്നു. ബസ് പൂർണമായി കത്തിനശിച്ചു. അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. തീപിടിത്തത്തിൽ ബസിന് സമീപമുണ്ടായിരുന്ന രണ്ടു കടകൾക്കും ഒരു സ്ഥാപനത്തിനും കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് മറ്റൊരു ബസിൽ തീർഥാടകരെ വിമാനത്താവളത്തിൽ എത്തിച്ചു.
