VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട് കേസിൽ തട്ടിയെടുത്ത തുകയിൽ 79 ലക്ഷം വീണ്ടെടുത്തു

അയോധ്യ: രാമക്ഷേത്രത്തിൽ സംഭാവനയായും കാണിക്കയായും ലഭിച്ച കോടികൾ കൊള്ളയടിച്ച കേസിൽ എട്ടു പേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ തട്ടിയെടുത്തതിൽ 79.8 ലക്ഷം രൂപ യുപി പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായ ഏഴു പേരിൽ നിന്നാണ് ഈ തുക കണ്ടെടുത്തത്. ആറ് ബാങ്ക് ജീവനക്കാരും നിരീക്ഷണത്തിലാണ്. വിവാദം കനത്തതോടെ ശ്രീ രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രസ്റ്റ് അംഗം അനിൽ മിശ്രയും രാജിവച്ചതായാണു റിപ്പോർട്ട്. ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, രാജി സംബന്ധിച്ച് ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.

രാജിയെക്കുറിച്ച് അറിയില്ലെന്നാണ് വിഎച്ച്പിയുടെ പ്രതികരണം. ഇതിനിടെ, ട്രസ്റ്റ് പിരിച്ചുവിടണമെന്നും സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു കോൺഗ്രസ് രംഗത്തെത്തി. എസ്ഐടിയുടെ അന്തിമ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടിയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കുറ്റം ചെയ്ത ഒരാളെയും വെറുതെവിടില്ലെന്നും യോഗി.

അറസ്റ്റിലായ എട്ടു പേരെയും ഇന്നലെ കോടതിയിൽ ഹാജരാക്കി. ഇവരെ മൂന്നു ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. അവിനാശ് ശുക്ല, ലവകുശ് മിശ്ര, അനുകൽപ്പ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രമാശങ്കർ മിശ്ര, രാംശങ്കർ യാദവ് (ടിന്നു യാദവ്) എന്നിവരിൽ നിന്നാണ് പണം കണ്ടെടുത്തത്. എട്ടാമൻ സുഭാഷ് യാദവിൽ നിന്ന് ഇതുവരെ മോഷണ വസ്തുക്കളൊന്നും ലഭിച്ചിട്ടില്ല. കാണിക്കയായും സംഭാവനയായും ലഭിക്കുന്ന പണവും ആഭരണങ്ങളും മൂല്യം തിട്ടപ്പെടുത്തി സൂക്ഷിക്കുന്ന ചുമതലയുണ്ടായിരുന്ന ജീവനക്കാരാണ് ഇവരെന്ന് അന്വേഷണ സംഘത്തലവൻ അയോധ്യ സർക്കിൾ ഓഫിസർ അശുതോഷ് തിവാരി പറഞ്ഞു. പ്രാഥമികാന്വേഷണം നടത്തിയ എസ്ഐടിയുടെ സഹായം തേടുമെന്നും തിവാരി. കഴിഞ്ഞ മാസം ട്രസ്റ്റ് ഉദ്യോഗസ്ഥർ ഭണ്ഡാരത്തിൽ ലഭിച്ചതും ബാങ്കിൽ നിക്ഷേപിച്ചതുമായ പണത്തിൻറെ കണക്കു പരിശോധിച്ചപ്പോഴാണ് വെട്ടിപ്പ് പുറത്തായത്.

പ്രതിദിനം ഏഴു ലക്ഷത്തോളം രൂപ ലഭിക്കുന്ന ഒരു ഭണ്ഡാരത്തിൽ 500 രൂപ നോട്ടുകളുടെ കുറവ് കണ്ടെത്തി. ഇതേത്തുടർന്ന് കാണിക്കയെണ്ണുന്ന മുറിയിൽ രഹസ്യ ക്യാമറകൾ സ്ഥാപിച്ചു. ഇതിൻറെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വെട്ടിപ്പിൻറെ വഴികൾ കണ്ടെത്തിയത്. പണവും കാണിക്കവസ്തുക്കളും കൈകാര്യം ചെയ്യുന്നിടത്തെ സിസിടിവി ക്യാമറകൾ തടസപ്പെടുത്തിയതായി എസ്ഐടി നേരത്തേ കണ്ടെത്തിയിരുന്നു. ഒരാൾ നോട്ടുകെട്ടിൽ നിന്ന് നോട്ടുകൾ അടർത്തിമാറ്റി തുണിയിൽ പൊതിയുമ്പോൾ മറ്റൊരു ജീവനക്കാരൻ ക്യാമറയ്ക്കു തടസം സൃഷ്ടിച്ചു നിൽക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ബാങ്കിലേക്ക് നൽകുന്ന നോട്ടുകെട്ടിൽ അധികമായി നോട്ടുകൾ തിരുകിവച്ചും തട്ടിപ്പ് നടത്തി. ബാങ്ക് ജീവനക്കാർ നോട്ടുകെട്ടുകളുടെ എണ്ണം മാത്രം രേഖപ്പെടുത്തി ലഭിച്ച പണം കണക്കാക്കിയശേഷം അധികമായി തിരുകിവച്ച നോട്ടുകൾ ജീവനക്കാർക്ക് തിരികെ നൽകുകയാണ് ചെയ്തിരുന്നത്.

ഇതിൽ നിന്നൊരു വിഹിതം ബാങ്ക് ജീവനക്കാർക്കും നൽകിയിരുന്നതായാണു സംശയിക്കുന്നത്. ക്ഷേത്രത്തിൽ സമർപ്പിക്കപ്പെട്ട സ്വർണം, വെള്ളി ആഭരണങ്ങൾ രേഖയിൽ ചേർക്കുന്നതിനു മുൻപേ മാറ്റുകയായിരുന്നു വെട്ടിപ്പിൻറെ മറ്റൊരു രീതി. രാമവിഗ്രഹത്തിൽ ചാർത്താൻ നൽകിയ വളയും മാലയും മോതിരവുമടക്കം സ്വർണാഭരണങ്ങൾ നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ലവകുശ് മിശ്രയുടെ വീട്ടിൽ നിന്നാണ് 10 ലക്ഷം കണ്ടെടുത്തത്. അഡ്മിനിസ്ട്രേറ്ററായിരുന്ന ടിന്നു യാദവിന് കാണിക്കയെണ്ണുന്നിടത്ത് പൂർണ സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇവിടെ ബന്ധു മനീഷ് യാദവിനെ ജോലിക്കാരനായി നിയോഗിച്ചതും ഇയാളാണ്. സമാനമായാണ് അനുകൽപ്പ് മിശ്ര, ബന്ധുവായ ലവകുശ് മിശ്രയെ ക്ഷേത്രത്തിൽ ജോലിക്കെത്തിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *