കരാക്കസ്: വെനസ്വേലയെ പിടിച്ചുകുലുക്കിയ അതിശക്തമായ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു. ഭൂകമ്പത്തിൽ ഇതുവരെ 920 പേർ മരിച്ചുവെന്നും 3360 പേർക്ക് പരുക്കേറ്റുവെന്നും സർക്കാർ അറിയിച്ചു. 50000ത്തിലധികം പേരെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. വിവിധ ലോകരാജ്യങ്ങളുടെ സഹകരണത്തോടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഗുരുതരമായി പരുക്കേറ്റ നിലയിലാണ് പലരെയും പുറത്തെടുക്കുന്നത്. ആശുപത്രികളെല്ലാം പരുക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതിനിടെ വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസ് അടങ്ങുന്ന രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ വീണ്ടും ശക്തമായ ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്തു.
പുതിയ ഭൂകമ്പത്തിലെ നാശനഷ്ടത്തോത് സംബന്ധിച്ച വിവരം പുറത്തുവന്നിട്ടില്ല. ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ വെനസ്വേലയ്ക്ക് മേൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾക്ക് യുഎസ് താത്കാലിക ഇളവ് നൽകിയിട്ടുണ്ട്. ഒക്ടോബർ 23വരെയാണ് ഇളവ് നൽകിയിരിക്കുന്നതെന്നാണ് യുഎസ് ട്രഷറി വകുപ്പ് അറിയിച്ചിരിക്കുന്നത്.
ഇതോടെ രക്ഷാപ്രവർത്തനത്തിനു അന്താരാഷ്ട്ര പണമിടപാടുകൾ തടസമില്ലാതെ നടക്കും. രക്ഷാപ്രവർത്തനത്തിൽ യുഎസ് സൈന്യവും പങ്കെടുക്കുന്നുണ്ട്. ഭൂകമ്പത്തിനു പിന്നാലെ വെനസ്വേല സർക്കാർ യുഎസിനോട് സഹായം അഭ്യർഥിച്ചിരുന്നു. ഇതേത്തുടർന്നാണ് യുഎസ് സൈന്യത്തെ വെനസ്വേലയിലേക്ക് അയച്ചത്. ഇന്ത്യയും വെനസ്വേലയിൽ രക്ഷാദൗത്യത്തിൽ പങ്കാളിയാണ്. 41 അംഗ മെഡിക്കൽ സംഘത്തെയും ഒരു സൈനിക ഫീൽഡ് ആശുപത്രിയെയുമാണ് ഇന്ത്യ വെനസ്വേലയിൽ വിന്യസിച്ചത്.
