VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണിക്ക് സാധ്യത

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചതിന് പിന്നാലെ കേന്ദ്ര മന്ത്രിസഭയിൽ സമഗ്ര അഴിച്ചുപണിയുണ്ടാകുമെന്ന അഭ്യൂഹം ശക്തം. അടുത്തമാസം 20 ന് ശേഷമാണ് പാർലമെൻറിൻറെ വർഷകാല സമ്മേളനം തുടങ്ങുന്നത്. അതിനു മുന്നോടിയായി മന്ത്രിസഭയ്ക്ക് പുതിയ മുഖം നൽകിയേക്കുമെന്ന് കരുതുന്നു. എൻഡിഎയിലെത്തിയ ആം ആദ്മി പാർട്ടി, ശിവസേന (യുബിടി) വിമത അംഗങ്ങൾക്കും പ്രാതിനിധ്യം ലഭിച്ചേക്കാം. തൃണമൂൽ കോൺഗ്രസ് വിമതരെ പരിഗണിച്ചേക്കില്ല. എന്നാൽ, അമിത് ഷാ രാഷ്‌ട്രപതിയെ കണ്ടത് പിറന്നാൾ ആശംസ അറിയിക്കാനാണെന്നു ബിജെപി വൃത്തങ്ങൾ പറയുന്നു.

ഈയാഴ്ച്ച തന്നെ മന്ത്രിസഭാ അഴിച്ചുപണിയുണ്ടാകുമെന്നു ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിബിഎസ്ഇ, നീറ്റ് പരീക്ഷാ വീഴ്ചകളുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും ഇൻഡിഗോ ഉൾപ്പെടെ വിമാന സർവീസുകളിലുണ്ടായ തടസങ്ങളുടെ പേരിൽ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയും പുറത്താകുമെന്നാണു റിപ്പോർട്ട്. റിസർവ് ബാങ്ക് മുൻ ഗവർണർ ശക്തികാന്ത ദാസ്, ഹിമാചലിൽ നിന്നുള്ള ബിജെപി നേതാവ് അനുരാഗ് ഠാക്കുർ, മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ, നടൻ അരുൺ ഗോവിൽ തുടങ്ങിയവർ മന്ത്രിസഭയിലെത്തിയേക്കും. ഇതിനൊപ്പം വകുപ്പുകളിലും അഴിച്ചുപണിക്കു സാധ്യത കൽപ്പിക്കുന്നുണ്ട്. ധനമന്ത്രി നിർമല സീതാരാമനെ വിദ്യാഭ്യാസ വകുപ്പിലേക്കു മാറ്റുമെന്ന സൂചനകളാണ് ശക്തം. പകരം ശക്തികാന്ത ദാസിന് ധനവകുപ്പിൻറെ ചുമതല നൽകിയേക്കും. മനോഹർലാൽ ഖട്ടറിന് ഊർജ വകുപ്പ് നഷ്ടമാകുമെന്നും റിപ്പോർട്ടുണ്ട്. ഉദ്ധവ് താക്കറെ പക്ഷത്തെ പിളർത്തിയതിനുള്ള സമ്മാനമാണ് ശ്രീകാന്ത് ഷിൻഡെയ്ക്കു കൽപ്പിക്കുന്ന മന്ത്രിപദം. എഎപി വിമത എംപിമാരിൽ രാഘവ് ഛദ്ദയോ അശോക് മിത്തലോ മന്ത്രിസഭയിലെത്തിയേക്കും. അടുത്തിടെ, മുതിർന്ന ബിജെപി നേതാക്കളുടെയും ഭാരവാഹികളുടെയും യോഗം പ്രധാനമന്ത്രി വിളിച്ചുചേർത്തിരുന്നു. ഇതിനൊപ്പം വിവിധ സംസ്ഥാനങ്ങളിൽ ബിജെപിയുടെ സംഘടനാ തലത്തിൽ മാറ്റങ്ങളും പ്രഖ്യാപിച്ചു.

ഇതോടെയാണ് കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയെന്ന സൂചനകൾ ശക്തമായത്. ബിജെപിക്ക് ഏറെ നിർണായകമായ ഉത്തർപ്രദേശിൽ അടുത്ത വർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ യുപി ഉൾപ്പെടെ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം വർധിപ്പിക്കുന്നതും നേതൃത്വം പരിഗണിക്കുന്നു. സഹമന്ത്രിമാരായ ജോർജ് കുര്യൻ, രവനീത് സിങ് ബിട്ടു എന്നിവരുടെ രാജ്യസഭാ കാലാവധി പൂർത്തിയായെങ്കിലും വീണ്ടും അവസരം നൽകിയിട്ടില്ല. ഇവരിൽ ജോർജ് കുര്യൻ രാജിവച്ചു. എന്നാൽ, ബിട്ടുവും പുറത്താകുമെന്നു റിപ്പോർട്ടുണ്ട്. പകരം മുതിർന്ന ബിജെപി നേതാവ് തരുൺ ചുഗിനെ പരിഗണിച്ചേക്കും.

Leave a Comment

Your email address will not be published. Required fields are marked *