വാഷിങ്ങ്ടൺ: യുഎസ്-ഇറാൻ വെടിനിർത്തൽ കരാർ വീണ്ടും ലംഘിക്കപ്പെട്ടതോടെ പശ്ചിമേഷ്യ പ്രക്ഷുബ്ധമായി. ഹോർമൂസ് കടലിടുക്കിൽ ചരക്കുകപ്പലിനു നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതിനു മറുപടിയായി യുഎസ് സൈന്യം ശക്തമായ വ്യോമാക്രമണം അഴിച്ചുവിട്ടു. ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം നടന്നത്. വാണിജ്യ ചരക്കുകപ്പലിനു നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്. ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തുവന്നിരുന്നു.
ഇതിന് തൊട്ടുപിന്നാലെയാണ് യുഎസ് വ്യോമസേനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ആളപായം ഇല്ലെന്നാണ് റിപ്പോർട്ട്. എന്നാൽ ഹോർമൂസ് മേഖലയിൽ കുടുങ്ങിക്കിടക്കുന്ന 11000ത്തിലധികം നാവികരെ ഒഴിപ്പിക്കുന്ന നടപടികൾക്ക് തടസം നേരിട്ടു. വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ട സാഹചര്യത്തിൽ നാവികരുടെ ജീവനു ഭീഷണി നിലനിൽക്കുകയാണ്. ചരക്കുകപ്പലിനു നേരെ ആക്രമണം നടത്തിയ വിഷയത്തിൽ ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വെടിനിർത്തൽ കരാർ പ്രകാരം അടുത്ത രണ്ടു മാസത്തേക്ക് വാണിജ്യ കപ്പലുകളുടെ സുരക്ഷയുടെ ഉത്തരവാദിത്വം ഇറാന് ഉണ്ടായിരുന്നു. എന്നാൽ ഡ്രോൺ ആക്രമണം നടത്തിയതോടെ ഇറാൻ തന്നെ കരാറിലെ വ്യവസ്ഥ ലംഘിക്കുകയായിരുന്നു. അമെരിക്ക തങ്ങളുടെ സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിനു ഇറാൻ തിരിച്ചടി നൽകുമോയെന്ന ആശങ്കയിലാണ് പശ്ചിമേഷ്യ. ഇറാൻ തിരിച്ചടിക്ക് മുതിർന്നാൽ പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും വഷളാകും.
