ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമെന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുന:പരിശോധന ഹർജികൾ പുതിയ ഒമ്പതംഗ ബെഞ്ച് വാദം കേൾക്കും. നേരത്തെ രൂപീകരിച്ചിരുന്ന ഒമ്പതംഗ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ് സുപ്രീംകോടതിയിൽ അവശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്. വാദം കേൾക്കലടക്കമുള്ള തുടർനടപടികളും ചീഫ് ജസ്റ്റിസിൻറെ നേതൃത്വത്തിലുള്ള മൂന്നംഗബെഞ്ച് നിശ്ചയിച്ചു. പുന: പരിശോധന ഹർജിക്കാരുടെയും അവരേ പിന്തുണക്കുന്ന കക്ഷികളുടെയും വാദം ഏപ്രിൽ 7 മുതൽ ഏപ്രിൽ 9 വരെ കേൾക്കും. എതിർക്കുന്നവരുടെ വാദം ഏപ്രിൽ 14 മുതൽ ഏപ്രിൽ 16 വരെ കേൾക്കും. ഏപ്രിൽ 21ന് മറുപടി സത്യവാങ്മൂലങ്ങൾ സമർപ്പിക്കാം.
ഏപ്രിൽ 22ന് വാദം അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. വിവിധ മതങ്ങളുടെ വിഷയം ഒന്നിച്ചു പരിഗണിക്കണം എന്ന് അഭിഭാഷകർ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, പഴയ 9 അംഗ ബഞ്ചിൽ ഇപ്പോൾ കോടതിയിൽ ബാക്കിയുള്ളത് താൻ മാത്രമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാദത്തിനിടെ അഭിഭാഷകരോട് പറഞ്ഞു. കോവിഡ് കാരണമാണ് നേരത്തെ വാദം കേൾക്കൽ മുടങ്ങിയത് എന്നും നിലവിലെ എഴു ചോദ്യത്തിന് പുറമെ കൂടുതൽ ചോദ്യങ്ങൾ ഓരോ കേസിനും അനുസരിച്ച് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. നിർഭാഗ്യകരമായ സാഹചര്യങ്ങളിലാണ് നേരത്തെ വാദം കേൾക്കൽ മുടങ്ങിയത്. അഞ്ചംഗ ബഞ്ച് 9 അംഗ ബഞ്ചിന് കേസ് വിട്ടത് ശരിയെന്ന് നേരത്തെ തീർപ്പായതാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
തന്ത്രിയുടെ അഭിഭാഷകൻ കൃഷ്ണകുമാർ സിംഗിനെ ഹർജിക്കാരുടെ നോഡൽ അഭിഭാഷകനായി നിശ്ചയിച്ചു. അതേസമയം, പുന:പരിശോധനയെ അനുകൂലിക്കുന്നു എന്ന് കേന്ദ്രവും ഹർജികളെ എതിർക്കുന്നില്ലെന്ന് സംസ്ഥാനവും അറിയിച്ചു. ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുന: പരിശോധനാ ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഏഴ് വർഷത്തിനുശേഷം ഈ വിഷയം പരിഗണിച്ചത്. ശബരിമല സ്ത്രീപ്രവേശനം ഉൾപ്പെടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സങ്കീർണ വിഷയങ്ങളടങ്ങുന്ന 67 ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്.
