ഇടുക്കി: കേരളത്തിന്റെ ടൂറിസം മേഖലയെ സംബന്ധിച്ചിടത്തോളം വളരെ വലിയ നിലയിലേക്കുള്ള മുന്നേറ്റത്തിന്റെ കാലമാണിതെന്നും ടൂറിസം ഭൂപടത്തിൽ എല്ലാ വിഭാഗങ്ങൾക്കും പ്രിയമേകുന്ന ടൂറിസം കേന്ദ്രമായി കേരളത്തിന് മാറാൻ സാധിച്ചുവെന്നും ടൂറിസം, പൊതുമരാമത്ത് വ്കുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇടുക്കി യാത്രി നിവാസിന്റെയും കുടിയേറ്റ സ്മാരകം രണ്ടാം ഘട്ടം പദ്ധതിയുടെ പ്രവൃത്തിയും ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഈ സർക്കാർ വന്ന സമയത്ത് കോവിഡ് രൂക്ഷമായിരുന്നു. ടൂറിസം മേഖല വെന്റിലേറ്ററിലായിരുന്നു. പ്രതിസന്ധി എന്ന് പറഞ്ഞ് നിലവിളിച്ച് കരയുകയായിരുന്നില്ല. കോവിഡിന്റെ രൂക്ഷത കുറയുന്ന തൊട്ടടുത്ത ദിവസം മുതൽ എന്തൊക്കെ പദ്ധതികൾ ആവിഷ്‌കരിക്കണം, എങ്ങനെ ഇടപെടണം എന്നുള്ളതിന് ഓൺലൈനിൽ ടൂറിസം മേഖലയിലെ വിവിധ വിഭാഗങ്ങളുമായി ചർച്ച ചെയ്തു. അവരിൽ നിന്നും ജനങ്ങളിൽ നിന്നും ഉയർന്നു വന്ന അഭിപ്രായങ്ങൾ നടപ്പിലാക്കാനുള്ള വലിയ ശ്രമം സർക്കാർ നടത്തി. ആ ശ്രമമാണ് ഇന്ന് വിനോദ സഞ്ചാരികളുടെ എണ്ണം സർവകാല റെക്കോർഡിൽ എത്തിയത്. പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചു. ഡിസൈൻ പോളിസി, വി പാർക്കുകൾ സജ്ജമാക്കി. ഡെസ്റ്റിനേഷൻ വെഡിങ്ങ്, അതുപോലെതന്നെ ഡെസ്റ്റിനേഷൻ ചാലഞ്ച്, സിനി ടൂറിസം, ലിറ്റററി, ബയോഡൈവേഴ്‌സിറ്റി സർക്യൂട്ട്, ഹെലി ടൂറിസം, ക്രൂയിസ് ടൂറിസം, കാരവൻ ടൂറിസം തുടങ്ങി ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കി.
ബീച്ച് ടൂറിസം ശക്തിപ്പെടുത്തി. അഡ്വഞ്ചർ ടൂറിസത്തിന് നൂതന പദ്ധതികൾ കൊണ്ടുവന്നു. പൈതൃക ടൂറിസം പദ്ധതികൾ വിപുലീകരിച്ചു. സ്ത്രീ സൗഹൃദ ടൂറിസം ലോക ശ്രദ്ധ നേടി. ഉത്തരവാദിത്ത ടൂറിസം വ്യാപിപ്പിച്ചു. പുതിയ സാമഗ്രികൾ ഏർപ്പെടുത്തി. പുതിയ ഡെസ്റ്റിനേഷനുകൾ സജ്ജമാക്കി കേരളം ഈ നിലയിൽ ടൂറിസത്തിൽ മുന്നേറി. ടൂറിസം മേഖലയിലുണ്ടായ മാറ്റം എല്ലാവരും ചേർന്ന് നടത്തിയ ചർച്ചയുടെയും ഇടപെടലിന്റെയും ഭാഗമാണ്. ആ മുന്നേറ്റത്തിന്റെ പ്രധാന ചാലകശക്തി നാട്ടിലെ ജനങ്ങളാണെന്നും മന്ത്രി പറഞ്ഞു.
വിനോദസഞ്ചാര വകുപ്പിന് കീഴിൽ 9 കോടിയോളം രൂപ ചെലവഴിച്ചാണ് ഇടുക്കി യാത്രി നിവാസിന്റെ പ്രവർത്തി പൂർത്തീയാക്കിയത്. 3.95 കോടി രൂപയാണ് കുടിയേറ്റ സ്മാരകം രണ്ടാം ഘട്ടം പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്.
ഇടുക്കി പാർക്കിൽ നടന്ന യോഗത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജു ജോസഫ്, സിജി ചാക്കോ, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷൈൻ കെ. എസ്., രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികളായ ജോസ് കുഴികണ്ടം, സാജൻ കുന്നേൽ, തുടങ്ങിയവർ പങ്കെടുത്തു.
